കെ.പി.സി.സി. വീണ്ടും സര്‍ക്കുലര്‍ ഇറക്കി

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന നിര്‍ദേശം നല്‍കി കെ.പി.സി.സി. വീണ്ടും സര്‍ക്കുലര്‍ ഇറക്കി. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു നേരത്തേ നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.

വ്യക്തിതാല്‍പ്പര്യങ്ങളോ, വിഭാഗീയതയോ ഒരു കാരണവശാലും സ്ഥാനാര്‍ഥി നിര്‍ണയത്തെ സ്വാധീനിക്കരുതെന്ന നിര്‍ദേശവും ഉണ്ട്. കെ.പി.സി.സിയുടെ മുന്‍ സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതി പോഷക സംഘടനകളില്‍ നിന്നും ഉയര്‍ന്നതിനാലാണ് വീണ്ടും സര്‍ക്കുലര്‍ നല്‍കിയത്. ജനപ്രതിനിധികള്‍, കെ.പി.സി.സി./ഡി.സി.സി. ഭാരവാഹികള്‍, മുതിര്‍ന്ന നേതാക്കള്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവരുടെയും അഭിപ്രായംകൂടി കണക്കിലെടുത്താവണം സ്ഥാനാര്‍ഥി നിര്‍ണയം നടത്തേണ്ടത്.

വിജയസാധ്യത, പൊതുസ്വീകാര്യത, സ്വഭാവശുദ്ധി എന്നിവയ്ക്കു പ്രാമുഖ്യം നല്‍കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. രാഷ്ട്രീയേതര ക്രിമിനല്‍ കേസുകള്‍, അസാന്മാര്‍ഗിക, മദ്യം, മയക്കുമരുന്ന്, സാമ്പത്തിക കുറ്റങ്ങള്‍ എന്നിവയില്‍ പ്രതികളായവരെയും അഴിമതിയാരോപണ വിധേയരായവരെയും സ്ഥാനാര്‍ഥികളാക്കരുത്. കൂടാതെ മല്‍സരിക്കുന്നവര്‍ക്കു പാര്‍ട്ടി ചിഹ്നം നല്‍കുന്നതിനുമുമ്പ് വീക്ഷണം പത്രത്തിന്റെ ഒരു വര്‍ഷത്തെ വരിസംഖ്യ അടച്ചെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it