കെവിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയബന്ധമില്ലെന്ന് ഐജി

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയബന്ധമില്ലെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി വിജയ് സാഖറെ. കൊലക്കേസിലെ പ്രതികളെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സഹായിച്ചെന്ന ആരോപണം ഐജി തള്ളി. അന്വേഷണം നാലുദിവസം പിന്നിടുമ്പോള്‍ പ്രതികള്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ സംഘടനകളുടെയോ സംരക്ഷണം ലഭിച്ചെന്ന് തെളിയിക്കാനായില്ലെന്ന് ഐജി പറഞ്ഞു.
കെവിന്റെയും നീനുവിന്റെയും പ്രണയബന്ധത്തില്‍ ബന്ധുക്കള്‍ക്കുണ്ടായ എതിര്‍പ്പാണ് കൊലപാതകത്തിന് കാരണം. നീനുവിന്റെ മാതാവ് രഹ്‌നയ്ക്ക് കൊലപാതകത്തില്‍ നിര്‍ണായക പങ്കുണ്ട്. എന്നാല്‍, ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടല്‍ കണ്ടെത്താനായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ്. കേസിലെ ഒന്നാംപ്രതി ഷാനുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് കൃത്യത്തില്‍ പങ്കെടുത്തത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നു വടിവാളുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കെവിന്റെ ബന്ധു അനീഷിന്റെ വീട് തകര്‍ക്കാന്‍ ഉപയോഗിച്ചതാണെന്നാണു നിഗമനം. കെവിനെ തട്ടിക്കൊണ്ടുപോയപ്പോള്‍ പ്രതികള്‍ ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. അതിനായി അനീഷിന്റെ മൊഴി വിശദമായെടുക്കേണ്ടതുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്തശേഷം ഒരുതവണ മാത്രമാണ് അനീഷിന്റെ മൊഴി പോലിസ് രേഖപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.  കേസുമായി ബന്ധപ്പെട്ട് നിരവധി പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കെവിനെയും തന്നെയും തട്ടിക്കൊണ്ടുപോയത് ഒന്നരലക്ഷം രൂപയുടെ ക്വട്ടേഷനാണെന്ന് അക്രമിസംഘം പറഞ്ഞതായി അനീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
അനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് സാധ്യതകളും വിശദമായി അന്വേഷിക്കുമെന്നും ഐജി വ്യക്തമാക്കി. പ്രതികളും ഇതേ മൊഴിയാണ് പോലിസിന് നല്‍കിയിരിക്കുന്നത്. എന്നാല്‍, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ കെവിനെ ആറ്റില്‍ച്ചാടിക്കുകയായിരുന്നുവെന്നാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലിസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത്. ഇത് മരണത്തിലേക്ക് നയിച്ചു. മര്‍ദനമേറ്റ് അവശനായതിനാല്‍ കെവിന്‍ മുങ്ങിത്താഴുകയായിരുന്നുവെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it