Flash News

കെവിന്റെ കൊലപാതകം; പ്രതിപക്ഷത്തിന്റെ സിബിഐ അന്വേഷണ ആവശ്യം സര്‍ക്കാര്‍ തള്ളി

തിരുവനന്തപുരം: കെവിന്റെ കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. ഇതുസംബന്ധിച്ച് സഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷ ആവശ്യം തള്ളിയത്. പ്രതിപക്ഷ നടപടിയില്‍ 14ാം കേരള നിയമസഭയുടെ 11ാം സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭ സ്തംഭിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കു സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാനടപടികള്‍ സ്തംഭിപ്പിക്കുകയായിരുന്നു.  ഇതേത്തുടര്‍ന്ന് സബ്മിഷനുകളും ശ്രദ്ധക്ഷണിക്കലും ബില്ലുകളും പാസാക്കി നിയമസഭ പിരിയുകയായിരുന്നു.
പ്രതികള്‍ ഡിവൈഎഫ്‌ഐക്കാരാണെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നീനുവിന്റെ പിതാവ് പോലിസ് നോക്കിനില്‍ക്കെ കെവിനെ മര്‍ദിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അടുത്തായിട്ടും ബോധപൂര്‍വം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പോലിസ് കൂടി പ്രതിഭാഗത്തുള്ള കേസില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
അതേസമയം, ദുരഭിമാനക്കൊലയില്‍ കര്‍ക്കശമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെവിന്റെ കൊലപാതകം രാഷ്ട്രീയമായി തിരിച്ചുവിടാനുള്ള ശ്രമം നടന്നു. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ ഈ രീതിയിലാണ് മുന്നോട്ടുപോവുന്നതെങ്കില്‍ ഇനിയും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it