കെവിന്റെ കൊലപാതകം: കുറ്റകൃത്യം പുനരാവിഷ്‌കരിച്ച് അന്വേഷണസംഘം

കോട്ടയം: കെവിന്റെ കൊലപാതകം നടന്ന രീതി പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം. പ്രതികളുമായി കൃത്യം നടന്ന സ്ഥലങ്ങളില്‍ സഞ്ചരിച്ചാണു സംഭവം പുനരാവിഷ്‌കരിച്ചത്. കേസിന് ബലം കിട്ടുന്ന തെളിവുകള്‍ ലഭിക്കുന്നതിന്റെ ഭാഗമായാണ് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ സംഘം പ്രതികളുമായി സഞ്ചരിച്ചത്.
കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ മൊഴിയും മുഖ്യസാക്ഷി അനീഷ് ആദ്യം നല്‍കിയ മൊഴിയും തമ്മില്‍ പൊരുത്തക്കേടില്ല. എന്നാല്‍, ഷാനുവിന്റെ കാറില്‍ നിന്ന് കെവിന്‍ രക്ഷപ്പെട്ട ശേഷം എന്താണ് സംഭവിച്ചതെന്നതിന് പോലിസിന് കൂടുതല്‍ വ്യക്തത വേണം. കെവിന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയപ്പോള്‍ വെള്ളത്തില്‍ വീണതോ, അതോ പ്രതികള്‍ മുക്കിക്കൊന്നതാണോ എന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനു വേണ്ടിയാണു ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും നടന്ന സംഭവങ്ങള്‍ പോലിസ് പുനരാവിഷ്‌കരിച്ചത്.
മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് അതീവ രഹസ്യമായിട്ടായിരുന്നു പോലിസിന്റെ നീക്കങ്ങള്‍. കെവിനെ തട്ടിക്കൊണ്ടു പോയ അതേസമയത്തും സ്ഥലങ്ങളിലും പ്രതികളുമായി പോലിസ് സംഘം സഞ്ചരിച്ചു. ശനിയാഴ്ച രാത്രി ഒന്നരയോടെ എസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം കെവിനെ തട്ടിക്കൊണ്ടുപോയ മാന്നാനത്തെ വസതിയിലെത്തി. തുടര്‍ന്നു പ്രദേശത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി. കൃത്യം നടന്ന സ്ഥലത്തെ വെളിച്ചം അടക്കമുള്ള കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു. പിന്നീട് പ്രതികളുമായി സംഘം കെവിന്റെ മൃതദേഹം കണ്ടെത്തിയ തെന്‍മല ചാലിയേക്കര ഭാഗത്തേക്കു പോയി. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന്റെ ഭാഗമായാണു കൃത്യം പുനരാവിഷ്‌കരിച്ചതെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.



Next Story

RELATED STORIES

Share it