Alappuzha local

കെപി റോഡില്‍ വാഹനാപകടം; അഞ്ചു പേര്‍ക്ക് പരിക്ക്

ചാരുംമൂട്: ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് സ്ത്രീയടക്കം അഞ്ചു പേര്‍ക്ക് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ മണ്ണ് കയറ്റിയ ടിപ്പര്‍ ലോറി റോഡിനു കുറുകെ മറിഞ്ഞു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കായംകുളം പുനലൂര്‍ റോഡില്‍ കരിമുളയ്ക്കല്‍ തുരുത്തിയില്‍ ജങ്ഷന് സമീപമാണ് അപകടം നടന്നത്.
മണ്ണാറശാലയില്‍ നിന്നു കൊടുമണ്ണിലേക്ക് പോവുകയായിരുന്ന വാഗണ്‍ ആര്‍ കാറും കായംകുളം ഭാഗത്തേക്ക് മണ്ണ് കയറ്റി വന്ന ടിപ്പര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. മുന്നില്‍ പോവുകയായിരുന്ന മോട്ടോര്‍ ബൈക്കിനെ കാറ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരേ വന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കാറിനു പിന്നില്‍ ബെക്കിടിച്ച് ബൈക്ക് യാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്.
റോഡിനു കുറുകെ മറിഞ്ഞ ടിപ്പറിന്റെ മുന്‍ഭാഗം തട്ടി സമീപത്തുള്ള വീടിന്റ് മതില്‍ ഭാഗികമായി തകര്‍ന്നു. സംഭവത്തില്‍ കാറില്‍ യാത്ര ചെയ്തിരുന്ന കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് കിഴക്കേ ചെരുവില്‍ കമലാസനന്‍, ബന്ധുക്കളായ മംഗലത്ത് കാര്‍ത്തികേയന്‍, പാലത്തും പാട്ട് പ്രശാന്ത, ബൈക്ക് യാത്രികന്‍ ചുനക്കര നാരായണ വിലാസം ശ്രീകാന്ത്, ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ രാജീവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രി കളില്‍ പ്രവേശിപ്പിച്ചു.
നൂറനാട് പോലിസ് അപകട സ്ഥലത്തെത്തിയിരുന്നു. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രണ്ട് എക്‌സ്‌കവേറ്റര്‍ എത്തിയാണ് ടിപ്പര്‍ ലോറി റോഡില്‍ നിന്ന് മാറ്റിയത്.
Next Story

RELATED STORIES

Share it