Flash News

കെപിഎല്ലില്‍ ഇന്ന് കൊട്ടിക്കലാശം ; ഫൈനല്‍ തൃശൂരില്‍



തൃശൂര്‍: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്നു വൈകീട്ട് നാലിന് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍. തൃശൂര്‍ എഫ്‌സിയും കെഎസ്ഇബിയും തമ്മിലാണ് മല്‍സരം. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാലാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ സ്‌പോണ്‍സേഴ്‌സ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ആണ്. വിജയികള്‍ക്ക് കെപിഎല്‍ വിന്നേഴ്‌സ് ട്രോഫിയും രണ്ടുലക്ഷം രൂപയുടെ ക്യാഷ് പ്രൈസും വ്യക്തിഗത സമ്മാനങ്ങളും നല്‍കും. രാജ്യത്ത് ആദ്യമായി എവേ- ഹോം അടിസ്ഥാനത്തില്‍ നടത്തുന്ന സംസ്ഥാന ഫുട്‌ബോള്‍ ലീഗാണ് കേരള പ്രീമിയര്‍ ലീഗെന്ന് കെഎഫ്എ വൈസ് പ്രസിഡന്റ് കെ പി സണ്ണി പറഞ്ഞു. പതിനൊന്ന് ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് ലീഗ് മല്‍സരം സംഘടിപ്പിച്ചത്. എ ഗ്രൂപ്പില്‍ ഗോകുലം എഫ്‌സി, കെഎസ്ഇബി, എഫ്‌സി കേരള, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, കാലിക്കറ്റ് ക്വാര്‍ട്‌സ് സോക്കര്‍ എഫ്‌സി എന്നീ ടീമുകളും ബി ഗ്രൂപ്പില്‍ സാറ്റ് തിരൂര്‍, എഫ്‌സി തൃശൂര്‍, കേരള പോലിസ്, എസ്‌ഐബി, ഏജീസ്, സെന്‍ട്രല്‍ എക്‌സൈസ് എന്നിവരും അണിനിരന്നു.തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ സ്‌റ്റേഡിയങ്ങളില്‍ ഹോം ആന്റ് എവേ അടിസ്ഥാനത്തിലാണ് കെപിഎല്‍ നടന്നത്. കേരളത്തിലെ മികച്ച 10 ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി 47 മല്‍സരങ്ങളില്‍ ഏറ്റുമുട്ടി. സെമിഫൈനല്‍ അടക്കം 49 മല്‍സരമാണ് നടന്നത്. തിങ്കളാഴ്ച തൃശൂരില്‍ നടന്ന സെമിയില്‍ ഗോകുലം എഫ്‌സിയെ സഡന്‍ ഡെത്തില്‍ 6-5നു തോല്‍പ്പിച്ചാണ് തൃശൂര്‍ എഫ്‌സി ഫൈനലിലെത്തിയത്. തിരൂരില്‍ നടന്ന മറ്റൊരു സെമിയില്‍ സാറ്റ് ടീമിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-1ന് തോല്‍പ്പിച്ചാണ് കെഎസ്ഇബി ഫൈനല്‍ ഉറപ്പാക്കിയത്. കലാശപ്പോരാട്ടം സൗജന്യമായി ഏവര്‍ക്കും കാണാം. കെപിഎല്‍ ഫൈനലിനു മുമ്പ് ഇന്നു രാവിലെ എട്ടിന് സംസ്ഥാന അണ്ടര്‍10, അണ്ടര്‍ 12 അക്കാദമി ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരങ്ങള്‍ നടക്കും. അണ്ടര്‍ പത്ത് വിഭാഗത്തില്‍ എറണാകുളം എളമക്കര അക്കാദമിയും കാലിക്കറ്റ് യൂനിവേഴ്‌സല്‍ ക്ലബ്ബും അണ്ടര്‍ 12 വിഭാഗത്തില്‍ സെപ്റ്റ് കോഴിക്കോടും പാലക്കാട് ടാലന്റ് സ്‌പോര്‍ട്‌സ് അക്കാദമിയും ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it