kannur local

കെണിയില്‍ വീഴാന്‍ തങ്ങളെ കിട്ടില്ല: സുരേഷ് കീഴാറ്റൂര്‍

കണ്ണൂര്‍:രാഷ്ട്രീയപ്പാര്‍ട്ടികളുടെ കെണിയില്‍ വീഴാന്‍ തങ്ങളെ കിട്ടില്ലെന്നും സമരവിജയത്തിനായി എല്ലാ ജനാധിപത്യ കക്ഷികളുടെയും ധാര്‍മിക പിന്തുണ സ്വീകരിക്കുമെന്നും വയല്‍ക്കിളി കര്‍ഷക കൂട്ടായ്മ നേതാവ് സുരേഷ് കീഴാറ്റൂര്‍. വയല്‍ക്കിളി ഐക്യദാര്‍ഢ്യ സമിതി കണ്ണൂരില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയല്‍ക്കിളി സമരം ബിജെപി ഹൈജാക്ക് ചെയ്‌തെന്ന ആരോപണം നിരര്‍ഥകമാണ്. ജനകീയ സമരങ്ങളെ പിന്തുണയ്ക്കുന്നവരുടെ ജാതകം നോക്കുന്നതില്‍ അര്‍ഥമില്ല. സിപിഎമ്മും ബിജെപിയും ചേര്‍ന്നാണ് ആറന്‍മുള വിമാനത്താവളത്തിനെതിരേ സമരം ചെയ്തത്. അതിനര്‍ഥം സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍പക്ഷികളാണെന്നാണോ. ഒരിക്കലുമില്ല. തങ്ങളുടെ സമരത്തെ രാഷ്ട്രീയപരമായി വഴിതിരിച്ചുവിടാനാണ് ചിലരുടെ ശ്രമം.
അതിന്റെ ഭാഗമായി അവര്‍ ഉയര്‍ത്തിവിട്ടതാണ് ഈ വിവാദങ്ങള്‍. രാഷ്ട്രീയസമരമല്ല, പരിസ്ഥിതി സംരക്ഷണ സമരമാണ് കീഴാറ്റൂരിലേത്. ഇക്കാര്യത്തില്‍ തങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നമ്പ്രാടത്ത് ജാനകിയമ്മ, നോബിള്‍ പൈകട, കെ സുനില്‍കുമാര്‍, കെ കെ സുരേന്ദ്രന്‍, റസാഖ് പാലേരി, അഡ്വ. കസ്തൂരി ദേവന്‍, സി ശശി, പി ടി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it