കെട്ടിടനിര്‍മാണച്ചട്ടം ഉടന്‍ പരിഷ്‌കരിക്കും: മന്ത്രി

കൊടുങ്ങൂര്‍ (കോട്ടയം): നിയമത്തിന്റെ നൂലാമാലയില്‍ കുടുങ്ങി നിരവധി വീടുകള്‍ക്ക് നമ്പര്‍ നല്‍കാനാവാത്ത പ്രശ്‌നം പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ കെട്ടിടനിര്‍മാണച്ചട്ടം ഉടന്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. കോട്ടയം ജില്ലയിലെ വാഴൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ പുതിയ ഓഫിസ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിടനിര്‍മാണ ചട്ടത്തിന്റെ ലംഘനം എത്രമാത്രമുണ്ടെന്ന് കണക്കാക്കി അവയ്ക്ക് പിഴയീടാക്കി കെട്ടിടനമ്പര്‍ നല്‍കാനാണ് തീരുമാനം. 1,500 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള കെട്ടിടങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കും. ഇവരില്‍നിന്ന് ഈടാക്കുന്ന പിഴയുടെ 50 ശതമാനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും ബാക്കി 50 ശതമാനം സംസ്ഥാന സര്‍ക്കാരും വീതിച്ചെടുക്കും. കെട്ടിട പെര്‍മിറ്റ് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇന്റലിജന്റ് സോഫ്റ്റ്‌വെയറുകള്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. സമ്മേളന ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി നിര്‍വഹിച്ചു. കാഞ്ഞിരപ്പ—ള്ളി എംഎല്‍എ ഡോ. എന്‍ ജയരാജ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വാഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പുഷ്‌കലാ ദേവി സംസാരിച്ചു.
Next Story

RELATED STORIES

Share it