Flash News

കെജ്‌രിവാളിനെതിരായ തെളിവുകള്‍ ഹാജരാക്കി കപില്‍ മിശ്ര



ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ വെള്ളം ടാങ്കര്‍ അഴിമതിയില്‍ ഉള്‍പ്പെട്ടതിന്റെ തെളിവുകള്‍ കപില്‍ മിശ്ര അഴിമതി വിരുദ്ധ വിഭാഗത്തില്‍ ഹാജരാക്കി. തുടര്‍ന്ന് സിബിഐ ഓഫിസ് സന്ദര്‍ശിച്ച് പരാതിയും ബോധിപ്പിച്ചു. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ പക്കല്‍ നിന്നു കെജ്‌രിവാള്‍ രണ്ടു കോടി രൂപ കൈപറ്റുന്നത് നേരിട്ട് കണ്ടതായും മിശ്ര ആരോപിച്ചു. 50 കോടിയുടെ ഭൂ ഇടപാടുകള്‍ കെജ്‌രിവാളിന്റെ ബന്ധുക്കള്‍ക്ക് വേണ്ടി നടത്തിയെന്ന് സത്യേന്ദ്ര ജെയിന്‍ തന്നോട് പറഞ്ഞതായും തെളിവുകള്‍ നിരത്തി അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന തനിക്കെതിരേ വധഭീഷണി ഉള്ളതായും കപില്‍ മിശ്ര കൂട്ടിച്ചേര്‍ത്തു. കെജ്‌രിവാളിനേയും സത്യേന്ദ്ര ജെയിനിനേയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കപില്‍ മിശ്ര പറഞ്ഞു. അതിനിടെ കെജ്‌രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. അഴിമതി സിബിഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്്‌മെന്റ് എന്നിവരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു ബിജെപി നല്‍കിയ അപേക്ഷയില്‍ പറയുന്നു. അതേസമയം, കപില്‍ മിശ്രക്കെതിരേ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വസതിയില്‍വച്ച് താന്‍ രണ്ടു കോടി രൂപ കൈക്കൂലി നല്‍കുന്നത് കണ്ടുവെന്ന മിശ്രയുടെ ആരോപണം അദ്ദേഹം നിഷേധിച്ചു. മിശ്ര കള്ളം പറയുകയാണെന്ന് പറഞ്ഞ ജെയിന്‍, താന്‍ കൈക്കൂലി കൊടുക്കുന്നത് കണ്ടു എന്ന് പറഞ്ഞ വെള്ളിയാഴ്ച താന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ പോയിട്ടില്ലെന്നും അതു തെളിയിക്കാനുള്ള നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വ്യക്തമാക്കി. തനിക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച കപില്‍ മിശ്രയ്‌ക്കെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it