കെഎസ്‌യു നേതാവിന്റെ ഇന്റേണല്‍ മാര്‍ക്ക് തിരുത്താന്‍ നീക്കം

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കെഎസ്‌യു സംസ്ഥാന നേതാവിന്റെ ഇന്റേണല്‍ മാര്‍ക്ക് തിരുത്തുന്നതിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നീക്കം നടക്കുന്നു. കാലിക്കറ്റ് വാഴ്‌സിറ്റി സെനറ്റംഗവും തൃശൂര്‍ സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥിയുമായിരുന്ന കെ ജെ യദുകൃഷ്ണന്റെ ഇന്റേണല്‍ മാര്‍ക്ക് തിരുത്തുന്നതിനാണ് സര്‍വകലാശാല അധികാരികള്‍ വഴിവിട്ട് നീക്കം നടത്തുന്നത്.
നേരത്തേ തൃശൂര്‍ സെന്റ് തോമസ് കോളജില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിയായിരുന്ന യദുകൃഷ്ണന്‍ അച്ചടക്കനടപടിയെത്തുടര്‍ന്ന് കോളജില്‍നിന്നു പുറത്തായി. തുടര്‍ന്ന് രാഷ്ട്രീയ സ്വാധീനത്താല്‍ വീണ്ടും പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം എസ്എന്‍ഡിപി കോളജില്‍ ഇതേ കോഴ്‌സിനുതന്നെ പുനപ്രവേശനം നേടി. സെന്റ് തോമസ് കോളജില്‍നിന്നു കിട്ടിയ ഇന്റേണല്‍ മാര്‍ക്ക് തിരുത്തുന്നതിനാണ് സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ഥിപ്രതിനിധിയുടെ സഹായത്തോടെ നീക്കം. പരീക്ഷാ ഫലപ്രഖ്യാപനത്തിനു ശേഷം ഇന്റേണല്‍ മാര്‍ക്ക് തിരുത്താന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് ഇതിനുള്ള നീക്കം. പരീക്ഷാ കണ്‍ട്രോളര്‍, പരീക്ഷാ സ്റ്റാന്‍ഡിങ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവരെ കോണ്‍ഗ്രസ് നേതാക്കളെക്കൊണ്ട് വിളിപ്പിച്ചാണ് ഇതിനുള്ള ശ്രമം നടക്കുന്നത്. ഇന്റേണല്‍ മാര്‍ക്ക് റദ്ദാക്കാന്‍പോലും നിയമം അനുവദിക്കുന്നില്ലെന്നിരിക്കെയാണ് യദുകൃഷ്ണനുവേണ്ടി ഒരു നിയമസഭാംഗം ഉള്‍പ്പെടെയുള്ളവര്‍ വാഴ്‌സിറ്റി അധികാരികള്‍ക്കുമേല്‍ വഴിവിട്ട് സമ്മര്‍ദ്ദം ചെലുത്തുന്നത്.
Next Story

RELATED STORIES

Share it