kasaragod local

കെഎസ്ടിപി റോഡ്: വികസന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

ഉദുമ: ഉദുമയില്‍ കെഎസ്ടിപി റോഡ് നിര്‍മാണം പാതിവഴിയിലായിട്ട് ഒരു വര്‍ഷമായി. അപകടം നിത്യസംഭവമായ ഉദുമ ടൗണില്‍ ഡിവൈഡര്‍, റെയില്‍വേ ഗേറ്റിന് സമീപം സര്‍ക്കിള്‍ എന്നിവയുടെ നിര്‍മാണം ഇതു വരെ തുടങ്ങിയില്ല. ബസ്‌വെ, ഓവുചാല്‍ നിര്‍മാണം ഇപ്പോഴും പാതിവഴിയിലാണ്.
കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ മിക്ക ടൗണുകളിലും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ ഉദുമ ടൗണിനെ കെഎസ്ടിപി അധികൃതര്‍ പാടെ അവഗണിക്കുകയായിരുന്നു. ഇതിനെതിരേ ഉദുമക്കാര്‍ കൂട്ടായ്മയുടെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമയൂനിറ്റിന്റെയും നേതൃത്വത്തില്‍ ഉദുമ വികസന സമിതി രൂപീകരിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പൊതുമരാമത്ത് മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. സമരത്തിന്റെ ഫലമായി റോഡിന് വീതി കൂട്ടുകയും സോളാര്‍ ലൈറ്റ് സ്ഥാപിക്കുകയും ചെയ്തു.  സിണ്ടിക്കറ്റ് ബാങ്ക് പരിസരം മുതല്‍ പുതിയ നിരം ജങ്ഷന്‍ വരെ റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കാമെന്നും അപകടം നിത്യസംഭവമായ ഉദുമ റെയില്‍വേ ഗേറ്റ് പരിസരത്ത് സര്‍ക്കിള്‍ നിര്‍മിക്കാമെന്നും കെഎസ്ടിപി അധികൃതര്‍ വികസന സമിതിക്ക് ഉറപ്പു നല്‍കിയിരുവെങ്കിലും ഇതു വരെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല.
റെയില്‍വേ ഗേറ്റ് അടച്ചാല്‍ വാഹനങ്ങളുടെ നീണ്ട ക്യൂവാണ് ഇവിടെ അനുഭവപ്പെടുന്നത്. ട്രെയിന്‍ പോയി ഗേറ്റ് തുറന്നാല്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പോവുന്നതിനാല്‍ ഇവിടെ അപകടം നിത്യ സംഭവമാണ്. ഇവിടെ തന്നെയാണ് മല്‍സ്യ മാര്‍ക്കറ്റും ബസ് സ്റ്റോാപ്പുമുള്ളത്.
പല ദിവസങ്ങളിലും ഇവിടെ വാഹന തിരക്ക് കാരണം കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കാന്‍ ഏറെ പ്രയാസപ്പെടുന്നു. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സമരം നടത്താനാണ് ഉദുമ വികസന സമിതിയുടെ തീരുമാനം. സമരത്തിനു മുന്നോടിയായി ഉദുമ വികസന സമിതി ഭാരവാഹികള്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു.
Next Story

RELATED STORIES

Share it