Flash News

കെഎസ്ആര്‍ടിസി : 4,051 പേര്‍ക്ക് നിയമനം ലഭിക്കില്ല; കണ്ടക്ടര്‍ നിയമനം മരവിപ്പിച്ചു

എന്‍ എ ശിഹാബ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം മരവിപ്പിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. കണ്ടക്ടര്‍ നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്കുപോലും നിയമനം നല്‍കാന്‍ സാധിക്കില്ലെന്ന് ഗതാഗതമന്ത്രി നിയമസഭയെ അറിയിച്ചു. കണ്ടക്ടര്‍മാരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നാണ് സുശീല്‍ ഖന്ന റിപോര്‍ട്ട് പറയുന്നത്. അതുകൊണ്ട് കണ്ടക്ടര്‍മാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിക്ക് ഒപ്പമെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നിയമനം നടത്താനാവില്ലെന്നും എസ് ശര്‍മ എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. ഇതോടെ കഴിഞ്ഞ ഒന്നരവര്‍ഷമായി കാത്തിരിക്കുന്ന ഉദേ്യാഗാര്‍ഥികള്‍ പ്രതിസന്ധിയിലായി.
2013 സപ്തംബര്‍ അഞ്ചിനാണ് പിഎസ്‌സി ആദ്യമായി 9,300 പേര്‍ക്ക് അഡൈ്വസ് അയച്ചത്. ഇതില്‍ ഹാജരാവാത്ത ഒഴിവിലേക്ക് മൂന്ന് വര്‍ഷം കഴിഞ്ഞ് 2016 ഡിസംബര്‍ 31ന് 4,051 പേര്‍ക്ക് കൂടി മെമ്മോ അയച്ചു. ഇതുവരെ ഇവരില്‍ ഒരാള്‍ക്കു പോലും നിയമനം നല്‍കിയിട്ടില്ല. അഡൈ്വസ് ചെയ്ത് മൂന്നു മാസത്തിനകം നിയമനം നല്‍കണമെന്നാണ് വ്യവസ്ഥ. അഡൈ്വസ് മെമ്മോ കിട്ടിയ സാഹചര്യത്തില്‍ സ്വകാര്യ കമ്പനികളിലും വിദേശത്തും ജോലി ചെയ്തിരുന്ന ഉദ്യോഗാര്‍ഥികളില്‍ നല്ലൊരു ശതമാനം രാജിവച്ചിരുന്നു.
ജോലിക്കു വേണ്ടി കാത്തിരിപ്പ് അനിശ്ചിതമായി നീണ്ടതോടെ പ്രതിഷേധ സമരങ്ങളുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്തുവന്നിരുന്നു. ഇതിനിടെ, എട്ടു വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരായി ജോലി ചെയ്തുവന്ന 2,198 പേരെ സ്ഥിരമായി നിയമിക്കുകയും ചെയ്തു.
ഇതേടെ, താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്തി അര്‍ഹരായവരെ മാറ്റിനിര്‍ത്തുന്ന സര്‍ക്കാര്‍ നയത്തിനെതിരേ പ്രതിഷേധവുമായി വിവിധ യുവജന സംഘടനകള്‍ രംഗത്തുവന്നു. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്ന നടപടിയാണ് ഗതാഗത വകുപ്പ് സ്വീകരിക്കുന്നതെന്നാണ് ആരോപണം.  4,051 ഉദ്യോഗാര്‍ഥികളും നഷ്ടപരിഹാരത്തിനും തൊഴില്‍ നിഷേധത്തിനും വിശ്വാസവഞ്ചനയ്ക്കും നിയമനടപടി സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it