Flash News

കെഎസ്ആര്‍ടിസി : സമരം തുടരുമെന്ന് ജീവനക്കാര്‍



തിരുവനന്തപുരം: രണ്ടു ദിവസമായി നടന്നുവരുന്ന കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് ഇന്നലെ ഉച്ചയോടെ അവസാനിച്ചെങ്കിലും വൈകീട്ടോടെ സമരവുമായി മുന്നോട്ടുപോവുമെന്നറിയിച്ചു നേതാക്കള്‍ രംഗത്തെത്തി. കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗത്തില്‍ തുടര്‍ന്നുവരുന്ന ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ച് മെയ് ഒന്നു മുതല്‍ ഏര്‍പ്പെടുത്തിയ സിംഗിള്‍ ഡ്യൂട്ടി ക്രമീകരണമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ജോലി ക്രമീകരണം ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറങ്ങിയ ദിവസം തന്നെ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ മന്ത്രി തോമസ് ചാണ്ടിയും യൂനിയന്‍ നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി പണിമുടക്ക് അവസാനിപ്പിച്ചതായിരുന്നു. സിംഗിള്‍ ഡ്യൂട്ടി സംവിധാനം തുടരാനും രാത്രിസമയങ്ങളില്‍ അധിക ഷിഫ്റ്റും ജീവനക്കാരെയും നിയോഗിക്കാനും തീരുമാനമായിരുന്നു. പണിമുടക്ക് അവസാനിച്ചതായി മന്ത്രി അറിയിച്ച് മണിക്കൂറുകള്‍ കഴിയും മുമ്പ് തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സമരം തുടരുമെന്നും ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. പണിമുടക്ക് കാരണം പല ഡിപ്പോകളിലും ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങി. സര്‍വീസ് നടത്തിയ ചില ബസ്സുകള്‍ സമരക്കാര്‍ തടയുകയും ചെയ്തു. ഇതോടെയാണ് മന്ത്രിയും യൂനിയന്‍ നേതാക്കളും ചര്‍ച്ച നടത്തിയത്.
Next Story

RELATED STORIES

Share it