malappuram local

കെഎസ്ആര്‍ടിസി സബ് ഡിപ്പോ പ്രവര്‍ത്തനം അവതാളത്തില്‍

നിലമ്പൂര്‍: കടുത്ത ഡീസല്‍ ക്ഷാമം മൂലം നിലമ്പൂര്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോ പ്രവര്‍ത്തനം അവതാളത്തിലായി. ആകെയുള്ള 42 സര്‍വീസുകളില്‍ കേവലം 13 എണ്ണം മാത്രമാണ് വ്യാഴാഴ്ച സര്‍വീസ് നടത്തിയത്. ദിവസേന ഏകദേശം 12,000 ത്തോളം ലിറ്റര്‍ ഡീസല്‍ ആവശ്യമുള്ള നിലമ്പൂര്‍ ഡിപ്പോയിലേക്ക് വ്യാഴാഴ്ച എത്തിയത് 4,500 ലിറ്റര്‍ ഡീസല്‍ മാത്രമാണ്. ഇതാവട്ടെ രാവിലെ എട്ടിനുശേഷം മാത്രമാണ് എത്തിയത്. പുലര്‍ച്ചെ അഞ്ചിനു തന്നെ ഡ്യൂട്ടിക്കു തയ്യാറായി എത്തുന്ന ജീവനക്കാര്‍ക്ക് സര്‍വീസ് റദ്ദാക്കുന്നതോടെ ജോലിയില്ലാതെ മടങ്ങി പോവേണ്ട അവസ്ഥിയിലാണ്. ദിവസവേതനക്കാര്‍ക്ക് ഇത്തരത്തില്‍ ഹാജരില്ലാതെ വന്നാല്‍ വേതനവും ലഭിക്കില്ല. നിലമ്പൂരില്‍ നിന്നു ഇത്തരത്തില്‍ മുടങ്ങുന്നത് അധികവും ഗ്രാമങ്ങളിലേക്കുള്ള സര്‍വീസുകളാണ്. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന യാത്രക്കാരെ പെരുവഴിയിലാക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
ബോണസ്, അഡ്വാന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഒഴിവാക്കിയിട്ടും ഡീസലിനായി തുക നല്‍കാതെ സര്‍വീസുകള്‍ റദ്ദാക്കുന്നത് സ്വാകാര്യ ബസ്സ് ലോബിയെ സഹായിക്കാനാണെന്നാണ് തൊഴിലാളികളുടെ ആരോപണം. ഒരാഴ്ചയായി തുടരുന്ന സര്‍വീസ് വെട്ടിച്ചുരുക്കലില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോയില്‍ തൊഴിലാളികള്‍കുത്തിയിരുപ്പുസമരം നടത്തി. കെഎസ്ആര്‍ടിഇഎ-സിഐടിയുവിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധസമരം. പി അഷ്‌റഫ്, പി കെ കൈരളീദാസ്, പി കെ ഹക്കീം, റിയാസ്, ഉസ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. വ്യാഴാഴ്ച 13 സര്‍വീസ് മാത്രമാണ് നിലമ്പൂരില്‍ നിന്നു നടത്തിയത്. കഴിഞ്ഞ 29ന് 22 സര്‍വീസുകളും റദ്ദാക്കിയിരുന്നു. സിഎംഡിയുടെ തെറ്റായ നയങ്ങള്‍ക്കെതിരായുള്ള മുദ്രാവാക്യവുമായാണ് പ്രതിഷേധ സമരം നടത്തിയത്.



Next Story

RELATED STORIES

Share it