കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങി; രണ്ടുപേര്‍ കൂടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം/സുല്‍ത്താന്‍ ബത്തേരി: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ടുപേര്‍ കൂടി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നേമം പോലിസ് ക്വാര്‍ട്ടേഴ്‌സ് റോഡ് പുല്ലൂര്‍ക്കുടി പുത്തന്‍വീട്ടില്‍ കരുണാകരന്‍ നാടാര്‍ (75), തലശ്ശേരി എരഞ്ഞോളി നാലാംമൈല്‍ സൗപര്‍ണികയില്‍ നടേഷ്ബാബു (67) എന്നിവരാണ് മരിച്ചത്.
പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന കരുണാകരന്‍ നാടാര്‍ കഴിഞ്ഞ രണ്ടിന് വീടിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹം ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി പാപ്പനംകോട് ഡിപ്പോയില്‍ ഫ്യുവല്‍ മെക്കാനിക്കായിരുന്നു. വസന്തയാണ് ഭാര്യ. മക്കള്‍: അനിതകുമാരി, അജിതകുമാരി, അനിജകുമാരി, അനീഷ് കുമാര്‍. മരുമക്കള്‍: രാജേഷ്, വിനോദ്.
കെഎസ്ആര്‍ടിസി മുന്‍ സൂപ്രണ്ട് നടേഷ്ബാബുവിനെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ലോഡ്ജിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെന്‍ഷന്‍ ലഭിക്കാത്തതിലുള്ള മനോവിഷമമാണ് മരണത്തിനു പിന്നിലെന്ന് സഹപ്രവര്‍ത്തകരും പെന്‍ഷനേഴ്‌സ് യൂനിയന്‍ ഭാരവാഹികളും ആരോപിച്ചു. രണ്ടു ദിവസം മുമ്പ് ലോഡ്ജില്‍ മുറിയെടുത്ത നടേഷ്ബാബുവിനെ ഇന്നലെ രാവിലെ 11ഓടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
13 വര്‍ഷം  ബത്തേരി ഡിപ്പോയില്‍ ജോലി ചെയ്ത അദ്ദേഹം ഓഫിസ് സൂപ്രണ്ടായാണ് 2006ല്‍ സര്‍വീസില്‍ നിന്നു വിരമിച്ചത്. പിന്നീട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നു തലശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. സഹപ്രവര്‍ത്തകരെ കാണാന്‍ ബത്തേരിയിലെത്തിയ അദ്ദേഹം, പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ ഏറെ പ്രതിസന്ധിയിലാണെന്നു പറഞ്ഞതായി പെന്‍ഷനേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. ബാങ്കുമായി ബന്ധപ്പെട്ട ആവശ്യത്തിനാണെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു പുറപ്പെട്ടതെന്നും പിന്നീട് ബാങ്കില്‍ നിന്നു പണം പിന്‍വലിച്ച് മണിയോര്‍ഡറായി ഭാര്യക്ക് അയച്ചുനല്‍കിയതായും പോലിസ് പറഞ്ഞു.
മുറിയുടെ ചുവരില്‍ പതിച്ച നിലയില്‍ കണ്ടെത്തിയ കുറിപ്പില്‍ 'മതിയായി, ഞാന്‍ നിര്‍ത്തുന്നു' എന്നെഴുതി ഒപ്പിട്ടിട്ടുണ്ട്. ബത്തേരി പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഭാര്യ: സ്മിത. മക്കള്‍: മിഥുന്‍, ജിതിന്‍, നിതിന്‍. പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 15 പേര്‍ മരിച്ചതായാണു കണക്ക്.
Next Story

RELATED STORIES

Share it