ernakulam local

കെഎംആര്‍എല്‍ ഏഴ് സ്വകാര്യ ബസ് സര്‍വീസ് കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചു



കൊച്ചി: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കുന്നതിന്റെ ആദ്യ പടിയായി കെഎംആര്‍എല്‍ ഏഴ് സ്വകാര്യ ബസ് സര്‍വീസ് കമ്പനികളുമായി ധാരണ പത്രം ഒപ്പുവച്ചു. “തടസങ്ങളില്ലാത്ത കൊച്ചി ആശയം മുന്‍നിര്‍ത്തി 2013ല്‍ കെഎംആര്‍എല്‍ വിഭാവനം ചെയ്ത പദ്ധതിക്കാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. നഗരത്തില്‍ ചിന്നിചിതറി കിടക്കുന്ന വിവിധ പൊതുഗതാഗത സംവിധാനങ്ങളെ ഏകീകരിച്ച് കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ച് ഫീഡര്‍ രീതിയിലുള്ള സര്‍വീസായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്. കെഎംആര്‍എല്‍ ഓഫിസില്‍  എം ഡി എപിഎം മുഹമ്മദ് ഹനീഷിന്റെ സാന്നിധ്യത്തില്‍ പ്രോജക്ട് ഡയറക്ടര്‍ തിരുമന്‍ അര്‍ച്ചുനന്‍ ആണ് കമ്പനി പ്രതിനിധികളുമായി ധാരണാപത്രം ഒപ്പുവച്ചത്. പദ്ധതിയുടെ കീഴില്‍ ആദ്യഘട്ടത്തില്‍ ആയിരം ബസുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിപിഎസ് ട്രാക്കിംങ് സംവിധാനം, ബസ് ജേര്‍ണി പ്ലാനര്‍, സ്മാര്‍ട്ട് കാര്‍ഡ് തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഈ ബസുകളില്‍ നടപ്പിലാക്കും.  പൂര്‍ണമായും വൈദ്യുതോര്‍ജത്തില്‍ ഓടുന്ന ബസുകള്‍ വരുംകാലത്ത് ഫീഡര്‍ സര്‍വീസുകളായി ഉപയോഗിക്കുന്നതിനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്.  സിറ്റി സര്‍വിസിന് പുറമേ നഗരത്തിന് വെളിയില്‍ നിന്ന് ഇവിടെയ്‌ക്കെത്തുന്ന ബസുകളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ ബസുകള്‍ക്ക് പുറമേ ഇലക്‌ട്രോണിക് ഓട്ടോറിക്ഷകളെയും ഫീഡര്‍ സംവിധാനത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്തും. ആറ് യാത്രക്കാരെവരെ പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന ഓട്ടോറിക്ഷകള്‍ ഉടന്‍തന്നെ നഗരത്തില്‍ സര്‍വീസ് നടത്തുമെന്നും കെഎംആര്‍എല്‍ അറിയിച്ചു. മെട്രോ സ്റ്റേഷനുകളിലേക്കും തിരിച്ചും യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തുകയാണ് ഇലക്‌ട്രോണിക് ഓട്ടോറിക്ഷകളുടെ ദൗത്യം. ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പുറമേ  വാട്ടര്‍ മെട്രോ പദ്ധതികൂടി ചേരുന്നതോടെ  കെഎംആര്‍എലിന്റെ “തടസങ്ങളില്ലാത്ത കൊച്ചി’ പദ്ധതി പൂര്‍ണതയിലെത്തും.
Next Story

RELATED STORIES

Share it