മാന്‍ വേട്ട: സല്‍മാന്‍ഖാന് അഞ്ചു വര്‍ഷം തടവ്‌

ജോധ്പൂര്‍: 1998 ഒക്ടോബറില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാനെ ജോധ്പൂര്‍ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. കേസില്‍ സല്‍മാന്‍ഖാന്റെ സഹപ്രവര്‍ത്തകരായ സെയ്ഫ് അലിഖാന്‍, തബു, നീലം, സോനാലി ബാന്ദ്ര, നാട്ടുകാരനായ ദുഷ്യന്ത് സിങ് എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചു.
കോടതിവിധിയെ തുടര്‍ന്ന് സല്‍മാന്‍ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. തടവ് മൂന്നു വര്‍ഷത്തിലധികമായതിനാല്‍ ജാമ്യത്തിനായി അദ്ദേഹത്തിന് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കേണ്ടിവരും.
ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട കേസില്‍ അന്തിമവാദം മാര്‍ച്ച് 28ന് പൂര്‍ത്തിയായിരുന്നു. തടവുശിക്ഷയ്ക്ക് പുറമെ ഖാന്‍ 10,000 രൂപ പിഴയടയ്ക്കണമെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ മഹിപാല്‍ ബിഷ്‌ണോയ് അറിയിച്ചു. വന്യജീവി സംരക്ഷണ നിയമത്തിലെ 9/51 വകുപ്പനുസരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ജോധ്പൂരിനടുത്ത കങ്കണി ഗ്രാമത്തില്‍ 1998 ഒക്ടോബര്‍ ഒന്നിന് രാത്രി ഹംസാത് സാത് ഹേം എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് വേട്ട നടന്നത്. അന്ന് സല്‍മാന്‍ ഓടിച്ച വാഹനത്തില്‍ മറ്റു നടന്‍മാരും ഉണ്ടായിരുന്നു. കൃഷ്ണമൃഗക്കൂട്ടത്തെ കണ്ട ഖാന്‍ അവയില്‍ രണ്ടെണ്ണത്തിനെ വെടിവച്ചുകൊല്ലുകയായിരുന്നു. കോടതി വിധിപറയുമ്പോള്‍ കേസിലെ പ്രതികളെല്ലാം സന്നിഹിതരായി.
ഖാന്‍ ഇത് നാലാംതവണയാണ് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തുന്നത്. 1998, 2006, 2007 വര്‍ഷങ്ങളിലായി 18 ദിവസം അദ്ദേഹം ജയില്‍വാസം അനുഭവിച്ചിരുന്നു. വംശനാശഭീഷണി നേരിടുന്ന ചിങ്കാരമാനുകളെ വേട്ടയാടിയെന്ന കേസുകളിലായിരുന്നു നേരത്തേ ജയിലില്‍ കഴിയേണ്ടിവന്നത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ ബോംബെ ഹൈക്കോടതി 2015ല്‍ സല്‍മാന്‍ഖാനെ വെറുതെവിട്ടിരുന്നു.
Next Story

RELATED STORIES

Share it