wayanad local

കൃഷിവകുപ്പിലെ പണം തിരിമറി; വിശദാന്വേഷണം ഇന്നാരംഭിക്കും

മാനന്തവാടി: കര്‍ഷകര്‍ക്ക് നല്‍കേണ്ട ആനുകൂല്യമുള്‍പ്പെടെ ലക്ഷക്കണക്കിനു രൂപ തട്ടിയ മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസിലെ വിശദപരിശോധന ഇന്ന് ആരംഭിക്കും.
ജില്ലാ ധനകാര്യ പരിശോധനാ വിഭാഗം ഫിനാന്‍സ് ഓഫിസര്‍ എം കെ ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ പ രിശോധനയിലാണ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബാബു അലക്‌സാണ്ടര്‍ 71 ലക്ഷം രൂപ  തട്ടിയെടുത്തതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിശദമായ പരിശോധനയ്ക്ക് ഉത്തരവിട്ടത്.
സംസ്ഥാന ധനകാര്യ പരിശോധന വിഭാഗം ജോ. സെക്രട്ടറി എസ് അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഫിനാന്‍സ് ഓഫിസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക.
ഒരു മാസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അസി. ഡയറക്ടടര്‍ ഓഫിസിന് കീഴിലെ ഏഴു കൃഷിഭവനുകളിലും പരിശോധന നടക്കും.
സര്‍ക്കാര്‍ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് യഥേഷ്ടം മാറ്റിയെടുക്കുകയായിരുന്നു കൃഷി അസി. ഡയറക്ടര്‍ ചെയ്തത്. സംഭവത്തില്‍ ഓഫിസിലെ ജീവനക്കാര്‍ക്കും പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിക്ക് സര്‍ക്കാര്‍ സ്‌കൂട്ടര്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ നല്‍കിയത് വിവാദമാവുകയും കഴിഞ്ഞ ദിവസം ഈ വാഹനം അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തവിഞ്ഞാല്‍ കൃഷിഭവന് അനുവദിച്ച വാഹനമാണ് 2013 മുതല്‍ താല്‍ക്കാലിക ജീവനക്കാരി സ്വന്തം വാഹനം പോലെ ഉപയോഗിച്ചുവന്നത്.
Next Story

RELATED STORIES

Share it