palakkad local

കൂറ്റനാട് പ്രതീക്ഷയുടെ 'പ്രിയപ്പെട്ട ഡിസംബര്‍'

സി കെ ശശിപച്ചാട്ടിരി

ആനക്കര: അശരണര്‍ക്കായി പുതിയൊരിടം ഒരുക്കാനുള്ള ധനസമാഹരണത്തിനായി ഫേസ്ബുക്ക് അംഗങ്ങള്‍ മുഖച്ഛായ മാറ്റുന്നു. കൂറ്റനാട് പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കിടത്തിച്ചികില്‍സയ്ക്കുള്ള പുതിയ കെട്ടിടത്തിനായാണ് 'പ്രിയപ്പെട്ട ഡിസംബര്‍' എന്ന പേരില്‍ സംഗീതപരിപാടി ഒരുങ്ങുന്നത്.
പ്രതീക്ഷയുടെ സംരംഭത്തിന് പിന്തുണയേകി ഒരു നാടും സോഷ്യല്‍മീഡിയയിലെ മുഖചിത്രവും കവര്‍ച്ചിത്രവും മാറ്റി പിന്തുണനല്‍കുകയാണ്. സംസ്ഥാനത്തുതന്നെ ആദ്യമായി ഒരു പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് കീഴില്‍ കിടത്തിച്ചികില്‍സ തുടങ്ങാനുള്ള ശ്രമത്തിനാണ് കൂറ്റനാട് പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി തുടക്കമിടുന്നത്.
ഇതിനായുള്ള ധനശേഖരണാര്‍ഥം ഡിസംബര്‍ 22ന് വൈകീട്ട് 6ന് വട്ടേനാട് ഗവ. ഹൈസ്‌കൂളിലാണ് സംഗീതപരിപാടി നടത്തുന്നത്. സംഗീതസംവിധായകന്‍ എം. ജയചന്ദ്രനാണ് പരിപാടി നയിക്കുന്നത്. ഗായകരായ സുദീപ് കുമാര്‍, ജി ശ്രീരാം, നിഷാദ്, നിഖില്‍രാജ്, സിതാര, മൃദുലവാരിയര്‍, ശ്രേയക്കുട്ടി തുടങ്ങിയവരും പാടാനെത്തും.
കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ ഗൃഹാന്തരീക്ഷത്തില്‍ രോഗികളെ ആശ്വസിപ്പിക്കുകയെന്നത് അത്യന്തം ശ്രമകരമാണ്. ഇത് വീട്ടുകാര്‍ക്ക് കടുത്ത മാനസിക പിരിമുറുക്കത്തിന് വഴിവയ്ക്കുകയും ചെയ്യും. പലയിടത്തും ഇതിനുള്ള സംവിധാനമില്ലാത്തത് രോഗികള്‍ക്ക് ദുരിതമാണ്. ഈ സാഹചര്യത്തിലാണ് സ്വന്തമായി ഐപി എന്ന ആശയത്തില്‍ എത്തിച്ചേര്‍ന്നതെന്ന് സംഘാടകര്‍ പറയുന്നു. പെയിന്‍ മാനേജ്‌മെന്റിനൊപ്പം കുടുംബാംഗങ്ങളുടെ സഹകരണത്തോടെതന്നെ സാന്ത്വനപൂര്‍ണമായ അന്തരീക്ഷമൊരുക്കി രോഗിക്ക് സ്വസ്ഥമായി കിടക്കാനുള്ള അവസരമൊരുക്കുകയാണ് പാലിയേറ്റിവ് ഐപിയിലൂടെ സാധ്യമാവുക.തൃത്താല ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലെയും അയല്‍ പഞ്ചായത്തുകളിലെയും മുന്നൂറോളം രോഗികള്‍ പ്രതീക്ഷയിലെ ആശ്രിതരാണ്. ഇവര്‍ക്കുവേണ്ട മുഴുവന്‍ മരുന്നും പ്രതീക്ഷയില്‍ നിന്ന് നല്‍കുന്നുണ്ട്.
അപകടത്തില്‍ പരിക്കേറ്റ് നട്ടെല്ലിന് ക്ഷതമേറ്റവര്‍ക്ക് തുടര്‍ച്ചയായ ഫിസിയോതെറാപ്പിയു ം തൊഴില്‍പരിശീലനവും നല്‍കുന്ന സഹായി എന്ന കേന്ദ്രവും പ്രതീക്ഷയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നുമാസംമുമ്പ് മാനസികാരോഗ്യ വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.
Next Story

RELATED STORIES

Share it