kozhikode local

'കൂട്ടുകൂടാന്‍ പുസ്തക ചങ്ങാതി'ക്ക് തുടക്കം



വടകര : തോടന്നൂര്‍ ബിആര്‍സിയിലെ “കൂട്ടുകൂടാന്‍ പുസ്തക ചങ്ങാതി”പരിപാടിക്ക് തുടക്കമായി. സ്‌കൂളില്‍ വരാന്‍ കഴിയാത്ത, വായിക്കാന്‍ കഴിയുന്ന, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വീടുകളില്‍ തന്നെ ലൈബ്രറി ഒരുക്കുന്ന സംവിധാനമാണിത്. നൂറ് പുസ്തകങ്ങളും ഒരു അലമാരയും ഓരോ ഐപാഡും ഓരോ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുകയാണ്. ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത് വടകര ജനമൈത്രി പൊലീസും പൊലീസ് അസോസിയേഷനുമാണ്. കോഴിക്കോട് ജില്ലയിലാണ് ഈ പരിപാടി  ആദ്യമായി ആവിഷ്‌കരിച്ചിരിക്കുന്നത്.ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ലൈബ്രറി സൗകര്യം ഒരുക്കുന്നത് തോടന്നൂര്‍ ബിആര്‍സിയിലാണ്. ഇതോടൊപ്പം ചങ്ങാതിക്കൂട്ടം എന്ന വിദ്യാര്‍ത്ഥികളുടെ ഒരു സംഘവും രൂപീകരിച്ചു. കീഴില്‍ യുപി സ്‌കൂളിലെ പതിനഞ്ച് വിദ്യാര്‍ത്ഥികളാണ് ഈ സംഘത്തിലുള്ളത്. ഈ വിദ്യാര്‍ത്ഥികള്‍ ഭിന്നശേഷിക്കാരായ കുട്ടികളെ ആഴ്ചതോറും സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമായ പ്രോത്സാഹനവും പിന്തുണയും നല്‍കും. പരിപാടിയുടെ ഉദ്ഘാടനം തിരുവള്ളൂര്‍ ജിഎം യൂപി സ്‌കൂളില്‍ വടകര ഡിവൈഎസ്പി ടിപി പ്രേമരാജ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എ മോഹനന്‍ അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസര്‍മാരായ എന്‍ സനല്‍രാജ്, എംഎന്‍ സുദര്‍ശനകുമാര്‍, മധു കുറുപ്പത്ത്, കെ സുനില്‍കുമാര്‍, എസ്എസ്എ ജില്ലാ പ്രോഗ്രാംഓഫീസര്‍ എകെ അബ്ദുള്‍ ഹക്കീം, എഇഒ എ പ്രദീപ്കുമാര്‍, ബിപിഒ എടത്തട്ട രാധാകൃഷ്ണന്‍, എഫ്എം മുനീര്‍, ഡി പ്രജീഷ്, വടയക്കണ്ടി നാരായണന്‍, എംസി പ്രേമചന്ദ്രന്‍, ചാലില്‍ രാമകൃഷ്ണന്‍, കെകെ ബാലകൃഷ്ണന്‍, പി ഗോപാലന്‍, ഗോപീ നാരായണന്‍, സുധാകരന്‍ മേലത്ത് സംസാരിച്ചു. കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
Next Story

RELATED STORIES

Share it