kozhikode local

കൂട്ടായ്മയുടെ പെരുമയില്‍ ഓപറേഷന്‍ കനോലികനാല്‍ ഒന്നാംഘട്ടം പൂര്‍ത്തിയാവുന്നു

കോഴിക്കോട്: നിറവ് വേങ്ങേരിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, നഗരസഭ, വിവിധ പരിസ്ഥിതി സംഘടനകള്‍ തുടങ്ങിയവയുടെ സഹായത്തോടെ നടപ്പാക്കുന്ന ഓപറേഷന്‍ കനോലികനാല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നു. 28ന് ആരംഭിച്ച ശുചീകരണ പ്രവൃത്തി ഒന്നാം ഘട്ടത്തില്‍ പത്ത് ദിവസംകൊണ്ട് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. ഇത് ഏറെക്കുറെ പൂര്‍ത്തിയായി. ഏതാനും ദിവസത്തെ മിനുക്കുപണികള്‍ മാത്രമാണ് ബാക്കി. നിത്യേന ശരാശരി 150 ചാക്ക് എന്നകണക്കില്‍ 1500ലേറെ ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് ഇതുവരെ ശേഖരിച്ചത്.
ഇവ സരോവരം ബയോ പാര്‍ക്കിനടുത്ത് ഉണക്കിയശേഷം സംസ്‌കരണത്തിന് അയക്കും. വടക്ക് കോരപ്പുഴ മുതല്‍ തെക്ക് കല്ലായിപ്പുഴ വരെ 11.2 കിലോമീറ്റര്‍ നീളമുള്ള കനാലില്‍ ശുചീകരണത്തിന് ഏറ്റവും ദുര്‍ഘടം എരഞ്ഞിപ്പാലം മുതല്‍ കാരപ്പറമ്പ് വരെയുള്ള പ്രദേശമായിരുന്നു. അറവ് മാലിന്യങ്ങളും പെരുമ്പാമ്പുകളും നിറഞ്ഞ ഈ പ്രദേശം അഗ്‌നിശമനസേനയുടെയും മറ്റും സഹകരണത്തോടെയാണ് വൃത്തിയാക്കിയത്. ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ശുചിയാക്കാന്‍ ഇവിടെ പര്‍സ്യു എന്ന ജൈവ ലായനി സ്‌പ്രേ ചെയ്യുകയായിരുന്നു. അടുത്ത ഘട്ടം പ്രവൃത്തികള്‍ക്കായി കനാലിനെ 8 വിഭാഗമായി തിരിച്ചിട്ടുണ്ട്.
ഓരോ പ്രദേശത്തും സംരക്ഷണസമിതി രൂപീകരിച്ച്, പരിസ്ഥിതി പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, നാട്ടുകാര്‍ ഇവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഓരോ പ്രദേശത്തും ഓരോ ഹരിത കേന്ദ്രം സ്ഥാപിക്കും. ഇവിടെ ഒരോ ഹരിത ഗാര്‍ഡിനെ നിയമിക്കും. നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഓരോ പ്രദേശത്തെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും നിറവ് വേങ്ങേരി കൂടെയുണ്ടാവും. ഒപ്പം ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും ഏകോപനത്തില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ക്യാമറകള്‍ സ്ഥാപിച്ച് മേലില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ കയ്യോടെ പിടിച്ച് നടപടികള്‍ സ്വീകരിക്കും.
നേരത്തെ പലതവണ ശുചീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല. ഇത്തവണ നിറവിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനം വിജയം കാണുകയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ശോഭീന്ദ്രന്‍ മുഴുവന്‍ സമയം ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പ്രായം പോലും മറന്ന് ശുചീകരണ പ്രവൃത്തികളില്‍ നേരിട്ട് പങ്കാളിയായും നേതൃത്വംവഹിച്ചും ക്ലാസുകള്‍ നല്‍കിയും അദ്ദേഹം നല്‍കിയ സഹകരണം പദ്ധതി വിജയിപ്പിക്കുന്നതിന് ഏറെ സഹായകമായി. ഒപ്പം നിറവ് വേങ്ങേരി യുടെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബാബു പറമ്പത്തിന്റെഅക്ഷീണ പരിശ്രമവും.
ഇവരോടൊപ്പം എം എ ജോണ്‍സണ്‍, സേവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, പി രമേശ് ബാബു, പ്രകാശ് കുണ്ടൂര്‍, ഷൗക്കത്ത് അലി എരോത്ത്, ഷാജു ഭായി തുടങ്ങിയവരുടെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ വിജയത്തിന് സഹായകമായി. സിഡബ്ല്യുആര്‍ഡിഎം, ജലസേചന വകുപ്പ് തുടങ്ങിയവയുടെ വോളന്റിയര്‍മാര്‍, വിവിധ കോളജുകളിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍,വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി. വിവിധ വിദ്യാലയങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന സേവ്, എന്‍ജിസി വളണ്ടിയര്‍മാരായ വിദ്യാര്‍ഥികളും അധ്യാപകരും പ്രവര്‍ത്തനത്തിന് ആവേശംപകര്‍ന്നു.





Next Story

RELATED STORIES

Share it