കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന് ഉറപ്പിച്ച് സിപിഎം

തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് സിപിഎമ്മും സിപിഐയും നടത്തിയ ഉഭയകക്ഷി ചര്‍ച്ച വീണ്ടും തീരുമാനമാവാതെ പിരിഞ്ഞു. കഴിഞ്ഞ തവണ 27 സീറ്റില്‍ മല്‍സരിച്ച സിപിഐ ഇത്തവണ 29 സീറ്റാണ് ആവശ്യപ്പെട്ടത്. നേരത്തെ ആര്‍എസ്പി മല്‍സരിച്ച നാലു സീറ്റുകളില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് സിപിഐയുടെ വാദം. എന്നാല്‍, നിലവിലുള്ള സീറ്റ് പോലും നല്‍കാനാവാത്ത സ്ഥിതിയാണെന്നും പുതിയകക്ഷികള്‍ വന്ന സാഹചര്യത്തില്‍ അധികമായി സീറ്റില്ലെന്നുമായിരുന്നു സിപിഎമ്മിന്റെ നിലപാട്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഈ നിലപാടില്‍ സിപിഎം അയവുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മല്‍സരിച്ച 27 സീറ്റുകള്‍ സിപിഐക്ക് നല്‍കുമെന്ന് അവര്‍ ഉറപ്പുനല്‍കി. ഒരുകക്ഷിയുടെയും സീറ്റ് സിപിഎം പിടിച്ചെടുക്കില്ല. അതിനാല്‍ ഇനി കൂടുതല്‍ സീറ്റ് ചോദിക്കരുതെന്നും നേതൃത്വം വ്യക്തമാക്കി. എന്നാല്‍, ഒരു സീറ്റെങ്കിലും അധികം നല്‍കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. രണ്ടു സീറ്റെന്ന ആവശ്യം ഒരുകാരണവശാലും സിപിഎം അംഗീകരിക്കാനിടയില്ലെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് ഒരു സീറ്റെങ്കിലും വേണമെന്ന നിലപാട് സിപിഐ സ്വീകരിച്ചത്. മുന്നണിയിലേക്കു വന്ന മറ്റു കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാവാത്ത പശ്ചാത്തലത്തിലാണ് അധികസീറ്റിന്റെ കാര്യത്തില്‍ സിപിഎം വാശി പിടിക്കുന്നത്. സീറ്റിനെച്ചൊല്ലി ഘടകകക്ഷികളില്‍ പലരും ഇടഞ്ഞുനില്‍ക്കുകയാണ്. അവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. അതിനുശേഷം വേണം മുന്നണിക്ക് പുറത്തുനിന്ന് സഹകരിക്കുന്നവരെ പരിഗണിക്കാന്‍. അടുത്ത ദിവസം ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ സീറ്റ് വിഭജനം സജീവ ചര്‍ച്ചയാവും.
Next Story

RELATED STORIES

Share it