കൂടുതല്‍ ജോലി ചെയ്ത്പ്രതിഷേധിക്കും

കൊല്ലം: അമിത ജോലിഭാരത്തിനെതിരേ കൂടുതല്‍ സമയം ജോലി ചെയ്തു പ്രതിഷേധിക്കാനൊരുങ്ങി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍. ഈ മാസം 16നാണ് ഓള്‍ കേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ പ്രവൃത്തിസമയത്തിന് മുമ്പും ശേഷവും അര മണിക്കൂര്‍ വീതം അധികം ജോലിചെയ്തും അന്നേ ദിവസം ഹാജര്‍ പുസ്തകത്തില്‍ ഒപ്പുവയ്ക്കാതെയുമാണു പ്രതിഷേധിക്കുക. ക്ലാര്‍ക്ക്, പ്യൂണ്‍, മിനിസ്റ്റീരിയല്‍ ജോലികളും 24 പിരിയഡ് വരെയുള്ള അധ്യാപനവും മൂലം മാനസികസമ്മര്‍ദം ഏറുന്നതാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കുന്നതിനു പിന്നിലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജയമോഹന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമിത ജോലിഭാരം മൂലമുള്ള മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് കാസര്‍കോടും കൊല്ലത്തും രണ്ട് പ്രിന്‍സിപ്പല്‍മാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 150-200 കുട്ടികള്‍ പഠിക്കുന്ന വിഎച്ച്എസ്ഇ വിഭാഗത്തില്‍ പ്യൂണ്‍, ക്ലാര്‍ക്ക് തസ്തികള്‍ നിലവിലുണ്ട്. എന്നാല്‍ ഇതിന്റെ ഇരട്ടി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഈ തസ്തികള്‍ ഇല്ലാത്തത് മൂലം ഈ ജോലികള്‍ പ്രിന്‍സിപ്പല്‍മാരാണ് ചെയ്യേണ്ടത്. ഇതിനു പുറമെ ഇപ്പോള്‍ 24 പിരിയഡ് ക്ലാസുകള്‍ കൂടി എടുക്കണമെന്ന നിര്‍ദേശം കൂടി എത്തിയപ്പോള്‍ ജോലിഭാരം കൂടിയിരിക്കുകയാണ്. ഹൈസ്‌കൂളില്‍ പോലും പ്രധാനാധ്യാപകര്‍ക്ക് ക്ലാസുകള്‍ കൈകാര്യം ചെയ്യേണ്ടെന്ന നിര്‍ദേശമുള്ളപ്പോഴാണു ഹയര്‍ സെക്കന്‍ഡറിയില്‍ മാത്രം പ്രിന്‍സിപ്പല്‍മാര്‍ അധ്യാപനം കൂടി നടത്തണമെന്ന നിര്‍ദേശമുള്ളത്. 16ന് പ്രിന്‍സിപ്പല്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ച് “സഹന സാക്ഷ്യം’ എന്ന പ്രതിഷേധം സംഘടിപ്പിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മിഠായിത്തെരുവില്‍ നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സക്കീര്‍, ഖജാഞ്ചി സലാം, കോ-ഓഡിനേറ്റര്‍ കെ സി ജോസ് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it