palakkad local

കുളമ്പുരോഗ പ്രതിരോധം; ജില്ലയില്‍ 1.8 ലക്ഷം കന്നുകാലികളെ കുത്തിവയ്പ്പിന് വിധേയമാക്കും

പാലക്കാട്: കുളമ്പരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1,79233 കന്നുകാലികളെ കുത്തിവയ്പ്പിന് വിധേയമാക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മരുതറോഡ് മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി നിര്‍വഹിച്ചു.
ജില്ലയില്‍ 16,5904 പശുക്കളും, 9191 എരുമകളും 4138 പന്നികളെയുമാണ് കുത്തിവയ്പ്പിന് വിധേയമാക്കുന്നത്. 21 ദിവസം നീണ്ട് നില്‍ക്കുന്ന പദ്ധതി ജൂണ്‍ 28 നാണ് അവസാനിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടുന്ന 201 സ്‌ക്വാഡുകള്‍ തയ്യാറായിട്ടുണ്ട്. ഒരു കുത്തിവെയ്പ്പിന് അഞ്ച് രൂപ നിരക്കില്‍ ഈടാക്കി സ്‌ക്വഡുകള്‍ വീടുകള്‍ സന്ദര്‍ശിച്ചാണ് കുത്തിവയ്പ്പ് നടത്തുന്നത്. നാല് മാസത്തിന് മുകളില്‍ പ്രായമുള്ള കന്നുകുട്ടി മുതല്‍ കുത്തിവയ്പ്പിന് വിധേയമാക്കാവുന്നതാണ്.
കുത്തിവെയ്പ്പ് നല്‍കുന്നതിനായി അതാത് മൃഗാശുപത്രിയുമായി ബന്ധപ്പെടാവുന്നതാണ്. ജില്ലയില്‍ 80 ശതമാനം കന്നുകാലികളെ കുത്തിവയ്പ്പിന് വിധേയമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. ചടങ്ങില്‍ മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് എസ് ഇന്ദിര അധ്യക്ഷത വഹിച്ചു. ഡോ. എം കെ പ്രദീപ്കുമാര്‍, ഡോ. എസ് വേണുഗോപാലന്‍ നായര്‍, വൈസ് പ്രസിഡന്റ് കെ മുരളീധരന്‍, ഡോ. ആര്‍ സുധി, ഡോ. കെ വി വത്സകുമാരി തുടങ്ങിയവര്‍ സംസാരിച്ചു
Next Story

RELATED STORIES

Share it