malappuram local

കുറ്റിപ്പുറത്ത് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്‌

കുറ്റിപ്പുറം: മുസ്്‌ലിം ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളെച്ചൊല്ലി മുസ്്‌ലിം  ലീഗ് പ്രതിനിധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ കുറ്റിപ്പുറത്ത് കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാന്‍ മുസ്്‌ലിം ലീഗ് തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ പറപ്പൂര്‍ മോഡല്‍ ആവര്‍ത്തിക്കാനുള്ള നീക്കത്തില്‍ സിപിഎം. 23 അംഗങ്ങളുള്ള പഞ്ചായത്തില്‍ മുസ്്‌ലിം ലീഗിന് ഒമ്പത് സീറ്റും കോണ്‍ഗ്രസിന് നാല് സീറ്റുമാണുള്ളത്. സ്വതന്ത്രരടക്കം എട്ട് സീറ്റ് എല്‍ഡിഎഫിനും ഒരു സീറ്റ് ബിജെ പിക്കുമാണുള്ളത്. നിലവില്‍ യുഡിഎഫ് ഭരണസമിതിയുടെ പ്രസിഡന്റായിരുന്ന മുസ്്‌ലിം ലീഗിലെ വസീമ വേളേരി കഴിഞ്ഞ ദിവസം പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റിയിലെ ഭിന്നതയും ലീഗിന്റെ പഞ്ചായത്തംഗങ്ങള്‍ തമ്മിലുള്ള  അഭിപ്രായ വ്യത്യാസവും രൂക്ഷമായതോടെ വസീമ വേളേരി രാജിവയ്ക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ ജില്ലാ നേതൃത്വം ഇടപെട്ട് വസീമയെക്കൊണ്ട് പ്രസിഡന്റ് സ്ഥാനം രാജിവെപ്പിക്കുകയായിരുന്നു. പകരം ഏഴാം വാര്‍ഡില്‍ നിന്നു വിജയിച്ച ലീഗിലെ തന്നെ സി ടി ഷമീനയെ പ്രസിഡന്റാക്കാന്‍ ലീഗിലെ ഒരുവിഭാഗം ശ്രമം നടത്തി വരുന്നതിനിടെയാണ് പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തു വന്നത്. പഞ്ചായത്തില്‍ അഞ്ച് അംഗങ്ങളുള്ള തങ്ങള്‍ക്ക് രണ്ടുവര്‍ഷമെങ്കിലും പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മുസ്്‌ലിം ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. അതേസമയം യുഡിഎഫില്‍ അഭിപ്രായ സമന്വയംഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സിപിഎം പ്രതിനിധിയെ പ്രസിഡന്റാക്കാനുള്ള നീക്കമാണ് സിപിഎം കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചരടുവലി ആരംഭിച്ചു. കഴിഞ്ഞ ദിവസം പറപ്പൂര്‍ പഞ്ചായത്തില്‍എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെ സിപിഎം പ്രതിനിധി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അടവുനയം കുറ്റിപ്പുറത്തും നടപ്പാക്കാനുള്ള തീവ്രശ്രമമാണ് സിപിഎം നടത്തുന്നത്.
Next Story

RELATED STORIES

Share it