കുറ്റവാളികളാക്കാന്‍ പോലിസ് വ്യാജ കത്ത് ഉണ്ടാക്കി

ന്യൂഡല്‍ഹി: ഭീമ കൊരേഗാവ് അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പോലിസിന്റെ അവകാശവാദങ്ങള്‍ക്കെതിരേ അറസ്റ്റിലായ അഡ്വ. സുധ ഭരദ്വാജ്. തങ്ങളുടെ അറസ്റ്റിന് തെളിവായി പോലിസ് പറയുന്ന കത്തുകള്‍ വ്യാജമായി കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നു ഇവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തന്നെയും മറ്റ് അഭിഭാഷകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സംഘടനകളെയും കുറ്റവാളികളാക്കുന്നതിനു വേണ്ടി പോലിസ് തന്നെ കെട്ടിച്ചമച്ചുണ്ടാക്കിയ കത്തുകളാണ് ഇവ. പൊതുവായി ലഭ്യമായ വസ്തുതകളും അടിസ്ഥാനമില്ലാത്ത കെട്ടുകഥകളുടെയും ഒരു മിശ്രിതമാണിത്. സമ്മേളനങ്ങള്‍, സെമിനാറുകള്‍, പ്രതിഷേധ പരിപാടികള്‍ തുടങ്ങിയ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ക്കു മാവോവാദികള്‍ക്കു ധനസഹായം നല്‍കണമെന്നു പറഞ്ഞതിനെയാണു നിയമവിരുദ്ധമായ പ്രവര്‍ത്തനമായി പോലിസ് ആരോപിക്കുന്നത്. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും സംഘടനകള്‍ക്കുമെതിരേ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സംവരുത്തുന്നതിനും അവര്‍ക്കെതിരേ വിദ്വേഷം വളര്‍ത്തുന്നതിനും പോലിസ് ഇത്തരത്തില്‍ ദുഷ്‌പ്പേരുകള്‍ വരുത്തിയിട്ടുണ്ട്. റിട്ട. ജസ്റ്റിസ് ഹോസ്‌പെറ്റ് സുരേഷ് പ്രസിഡന്റായ, അഭിഭാഷകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരേ ശബ്ദിക്കുന്ന അഭിഭാഷക സംഘടനയായ ഐഎപിഎല്ലിനെയും നിയമവിരുദ്ധമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. താന്‍ ഒരിക്കലും മൊഗയില്‍ നടന്ന ഒരു പരിപാടിക്കും 50,000 രൂപ നല്‍കിയിട്ടില്ല. കശ്മീരി വിഘടനവാദികളുമായി ബന്ധമുള്ള മഹാരാഷ്ട്രക്കാരനായ ഏതെങ്കിലും അങ്കിതിനെയോ, കോമ്രേഡ് അങ്കിതിനെയോ തനിക്കറിയില്ലെന്നും സുധ ഭരദ്വാജ് പറഞ്ഞു. പോലിസ് പറയുന്ന കത്ത് കെട്ടിച്ചമച്ച് ഉണ്ടാക്കിയതാണെന്ന് ആവര്‍ത്തിച്ച സുധ ഭരദ്വാജ്, ഇതു സംബന്ധിച്ച് ജൂലൈ നാലിന് റിപബ്ലിക് ടിവിയില്‍ വാര്‍ത്ത വന്ന സമയത്തു തന്നെ താന്‍ നിഷേധിച്ചതാണെന്നും അഡ്വ. സുധ ഭരദ്വാജ് പറഞ്ഞു.

Next Story

RELATED STORIES

Share it