wayanad local

കുറുവാദ്വീപില്‍ പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായി ഒഴിവാക്കുന്നു



മാനന്തവാടി: പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രവും ജൈവവൈവിധ്യ സമൃദ്ധവുമായ കുറുവാദ്വീപിലും പരിസരങ്ങളിലും പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായി ഒഴിവാക്കുന്നു. പ്രദേശവാസികളുടെയും കച്ചവടക്കാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ദ്വീപിലും പരിസരങ്ങളിലും പേപ്പര്‍ ബാഗുകളുടെയും തുണിസഞ്ചികളുടെയും ഉപയോഗം പ്രോല്‍സാഹിപ്പിക്കും. ദ്വീപിലെത്തുന്ന സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന ശേഖരിച്ച് റീസൈക്ലിങിന് അയക്കും. ദ്വീപിലെയും പരിസരത്തെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യും. മഴയില്‍ കബനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജൂണ്‍ 13നു അടച്ച കുറുവ ദ്വീപില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കാനിരിക്കെയാണ് പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായി ഒഴിവാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് കുറുവ. ഇവിടെ അടിസ്ഥാനസൗകര്യ വികസനത്തിനു  സര്‍ക്കാര്‍ അനുവദിച്ച 42 ലക്ഷം രൂപ വിനിയോഗിച്ച് പാര്‍ക്കിങ് ഗ്രൗണ്ടില്‍ കല്ലുപാകല്‍, പാര്‍ക്കിങ് ഏരിയയില്‍ കൈവരി നിര്‍മാണം തുടങ്ങിയവ പൂര്‍ത്തിയാക്കി. സിസിടിവി സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി   അടുത്തദിവസം തുടങ്ങും. കുറുവാദ്വീപില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. വനത്തിലെ ജൈവവൈവിധ്യം, പാറക്കെട്ടുകള്‍, ചങ്ങാടയാത്ര, പ്രകൃതി സൗന്ദര്യം, നാടന്‍ വിഭവങ്ങള്‍ എന്നിവ സഞ്ചാരികളെ ദ്വീപിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. യോഗത്തില്‍ മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഹരി ചാലിഗദ്ദ, കുറുവാദ്വീപ് ഡിഎംസി മാനേജര്‍ ബൈജു തോമസ്, കുറുവാ സംരക്ഷണ സമിതി ഭാരവാഹികളായ ജോസ് സി തോമസ്, പി പത്മരാജ് സംസാരിച്ചു.
Next Story

RELATED STORIES

Share it