wayanad local

കുറുവയില്‍ 2,000 സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ ധാരണ

മാനന്തവാടി: നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കുറുവാദ്വീപില്‍ പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ധാരണ. മാനന്തവാടി ഫോറസ്റ്റ് ഐബിയില്‍ നടന്ന എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും രാഷ്ട്രീയ-തൊഴിലാളി സംഘടനാ നേതാക്കളുടെയും ചര്‍ച്ചയിലാണ് തീരുമാനം. ഇതനുസരിച്ച് ഇരു കവാടങ്ങളില്‍ നിന്നും ആയിരം വീതം ദിനംപ്രതി രണ്ടായിരം പേരെ ദ്വീപില്‍ പ്രവേശിപ്പിക്കും. 15 ദിവസത്തിനകം തീരുമാനം നടപ്പാക്കാന്‍ ഉന്നത വനം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിദഗ്ധരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ച് ആറുമാസത്തിനകം പഠനം നടത്തി ആളുകളെ കയറ്റുന്നതിലെ നിയന്ത്രണം പുനപ്പരിശോധിക്കും.
2017 നവംബര്‍ എട്ടിനാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇരു ഭാഗങ്ങളില്‍ നിന്നായി 200 വീതം ദിനംപ്രതി 400 പേരെയാണ് പ്രവേശിപ്പിച്ചിരുന്നത്.
വനംവകുപ്പ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിയന്ത്രണം. ഇതിനെതിരേ വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് ജനപ്രതിനിധികള്‍ ഇടപെട്ടത്. എംഎല്‍എമാരായ ഒ ആര്‍ കേളു, സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷണന്‍ എംഎല്‍എയുടെ പ്രതിനിധി നഗരസഭാ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ജില്ലാ കലക്ടര്‍ എസ് സുഹാസ്, കണ്ണൂര്‍ നോര്‍ത്തേണ്‍ സിസിഎഫ് ശ്രാവണ്‍കുമാര്‍ വര്‍മ, ഡിസിഎഫ് സി രാജേന്ദ്രന്‍, ഡിഎഫ്ഒമാരായ പി പ്രസാദ്, എം അബ്ദുല്‍ അസീസ്, എ ഷജ്‌ന, എം ടി സാജന്‍, ഡിടിപിസി, വിഎസ്എസ് പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it