കുറിഞ്ഞി ഉദ്യാന വിസ്തൃതി കുറയ്ക്കരുതെന്ന് യുഡിഎഫ്

തിരുവനന്തപുരം: നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണം കുറയ്ക്കരുതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച യുഡിഎഫ് സംഘം നിര്‍ദേശിച്ചു.
കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണണം. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതോടൊപ്പം യഥാര്‍ഥ കര്‍ഷകരെയും സംരക്ഷിക്കണം. ജോയ്‌സ് ജോര്‍ജ് എംപിയുടെ വ്യാജപട്ടയം സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണം. കുറിഞ്ഞി ഉദ്യാനസന്ദര്‍ശനത്തിനു ശേഷം സംഘം തയ്യാറാക്കിയ റിപോര്‍ട്ടില്‍ 16 നിര്‍ദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. റിപോര്‍ട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കൈമാറി. രാജഭരണകാലത്ത് ചെമ്പുപട്ടയം കിട്ടിയവരും പില്‍ക്കാലത്ത് പട്ടയം കിട്ടിയവരും അവരുടെ പിന്‍തലമുറക്കാരും അവരോടൊപ്പം വസ്തുക്കള്‍ തീറുവാങ്ങിയവരും എല്ലാം ചേര്‍ന്നതാണ് വട്ടവട ഗ്രാമപ്പഞ്ചായത്തിലെ കര്‍ഷക സമൂഹമെന്നു റിപോര്‍ട്ടില്‍ പറയുന്നു.
വ്യാജ പട്ടയങ്ങളുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ഭൂമി കൈയേറി കൈവശം വച്ചിരിക്കുന്ന വസ്തുകച്ചവടക്കാരും കോര്‍പറേറ്റുകളും അടങ്ങുന്ന വന്‍കിട കൈയേറ്റ ലോബിയുടെ സാന്നിധ്യമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ നിലനില്‍പ്പിനുള്ള ഭീഷണി. യഥാര്‍ഥ കര്‍ഷകരെ മറയാക്കി വന്‍കിട കൈയേറ്റങ്ങള്‍ സംരക്ഷിക്കാനുള്ള കൈയേറ്റ ലോബിയുടെ കുതന്ത്രങ്ങള്‍ കാരണമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ സര്‍വേ നടപടികള്‍ തടസ്സപ്പെട്ടതെന്നും റിപോര്‍ട്ടില്‍ പറയുന്നു. കുറിഞ്ഞി ഉദ്യാനത്തിലെ വന്‍കിട കൈയേറ്റക്കാരെ ഒറ്റപ്പെടുത്തി ഒഴിപ്പിക്കണം. ഉദ്യാനപരിധിയില്‍ വരുന്ന യഥാര്‍ഥ കര്‍ഷകരെ വഴിയാധാരമാക്കരുത്. അവര്‍ക്കു മതിയായ നഷ്ടപരിഹാരവും അനുയോജ്യമായ പകരം കൃഷിഭൂമിയും നല്‍കണം.
ഉദ്യാനത്തിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി അതിര്‍ത്തി തിരിച്ചു കൈയേറ്റരഹിത മേഖലയായി സംരക്ഷിക്കണം. ഉദ്യാന മേഖലയില്‍ വരുന്ന കര്‍ഷകരുടെ ഉടമസ്ഥാവകാശങ്ങള്‍ നിയമാനുസരണം പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം. സ്വകാര്യ ഭൂമിയിലും വനഭൂമിയിലും നട്ടുവളര്‍ത്തിയിരിക്കുന്ന യൂക്കാലി, ഗ്രാന്റീസ് മരങ്ങള്‍ ഗുരുതരമായ ജലക്ഷാമമാണ് ഉണ്ടാക്കുന്നതെന്നും ഈ മേഖലയിലെ പച്ചക്കറികൃഷി നാശത്തിന്റെ വക്കിലാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃഷിഭൂമിയും വനഭൂമിയും ഇഴചേര്‍ന്നു കിടക്കുന്ന വട്ടവട ഗ്രാമപ്പഞ്ചായത്തിലെ കൃഷിയിടങ്ങള്‍ കേരളത്തിന് ആവശ്യമായ പച്ചക്കറികള്‍ മൊത്തമായി ഉല്‍പാദിപ്പിക്കാന്‍ പര്യാപ്തമാണ്. അതിനായി ജലക്ഷാമം പരിഹരിക്കുന്നതിനു നടപടികള്‍ വേണം. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അപര്യാപ്തമാണെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബെന്നിബഹ്മാന്‍ (കോണ്‍ഗ്രസ്), കെ എച്ച് ഹംസ (മുസ്‌ലിംലീഗ്), ജോണി നെല്ലൂര്‍ (കേരളാ കോണ്‍ഗ്രസ്), ഷിബു ബേബി ജോണ്‍ (ആര്‍എസ്പി), സുരേഷ്ബാബു (സിഎംപി), റാംമോഹന്‍ (ഫോര്‍വേഡ് ബ്ലോക്ക്), ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. എസ് അശോകന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it