Articles

കുറിഞ്ഞിമല: കൈയേറ്റവും ഒഴിപ്പിക്കലും

അഡ്വ. കെ  രാജു

ഇന്നു കുറിഞ്ഞിമല സങ്കേതം ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിലാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും ഭൂമിയുടെ പരിസ്ഥിതിപ്രാധാന്യവും മറ്റ് വിഷയങ്ങളും വിലയിരുത്തുന്നതിനുമായി  മന്ത്രിമാരുടെ സംഘം പ്രസ്തുത മേഖല സന്ദര്‍ശിച്ചത്. 2006ലെ ഉത്തരവ് പ്രകാരം ദേവികുളം താലൂക്കിലെ വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 62ഉം കൊട്ടക്കാമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58ഉം ചേര്‍ത്ത് 3200 ഹെക്ടര്‍ നീലക്കുറിഞ്ഞി സാങ്ച്വറിയായി പ്രഖ്യാപിക്കുന്നതിനു നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. ഇന്റന്‍ഷന്‍ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ബ്ലോക്ക് നമ്പര്‍ 58ലും ബ്ലോക്ക് നമ്പര്‍ 62ലുമായി വട്ടവട ഗ്രാമപ്പഞ്ചായത്തിലെ ഏഴു വാര്‍ഡുകള്‍ ഉള്‍പ്പെടുന്നു. മേല്‍പ്പറഞ്ഞ ബ്ലോക്കുകളില്‍ ബീന്‍സ്, കാരറ്റ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി തുടങ്ങിയ പച്ചക്കറികൃഷികളും യൂക്കാലി നട്ടുവളര്‍ത്തിയതും ഉണ്ട്. ബ്ലോക്ക് നമ്പര്‍ 58ന്റെയും ബ്ലോക്ക് നമ്പര്‍ 62ന്റെയും പടിഞ്ഞാറേ അതിര്‍ത്തി ഇതുവരെ സര്‍വേ ചെയ്തുതിരിച്ചിട്ടില്ല. പടിഞ്ഞാറേ അതിര്‍ത്തിയിലാണ് ഏകദേശം 1300ഓളം വീടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റും സ്ഥിതിചെയ്യുന്നത്. സാങ്ച്വറിയുടെ ഉള്ളിലാണ് വട്ടവട പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കടവരി സ്ഥിതിചെയ്യുന്നത്.കടവരി പ്രദേശവാസികളെ ഒഴിപ്പിച്ച് അവരുടെ ഭൂമി സാങ്ച്വറിയുടെ ഭാഗമാക്കുമെന്ന ധാരണ കാരണവും അതിര്‍ത്തി നിര്‍ണയിച്ചതിലെ അപാകത കാരണവുമാണ് സ്ഥലത്തെ ജനങ്ങള്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്. സാങ്ച്വറിയുടെ പടിഞ്ഞാറേ അതിര്‍ത്തി നിര്‍ണയിക്കാന്‍ ഇതുവരെ സാധിക്കാതെപോയതും അതുകൊണ്ടുതന്നെ. സാങ്ച്വറിയുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറിഞ്ഞിമല സാങ്ച്വറിയായി പ്രഖ്യാപിച്ചത് കേരളത്തിന്റെ പരിസ്ഥിതി-വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികച്ച കാല്‍വയ്പാണെന്ന് പറയാതിരിക്കാനാവില്ല. വന്‍തോതില്‍ ഉണ്ടായിക്കൊണ്ടിരുന്ന അനധികൃത കൈയേറ്റം തടയുന്നതിനും പരിസ്ഥിതിലോലമായ പ്രദേശം സംരക്ഷിക്കുന്നതിനും സമീപസ്ഥമായ വനമേഖലകള്‍ക്കിടയില്‍ വരുന്ന ഒരു മേഖല വനമല്ലാതിരുന്നാലുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനും നീലക്കുറിഞ്ഞിയുടെയും ഒപ്പം വന്യജീവികളുടെയും സംരക്ഷണത്തിനും ഈ പ്രഖ്യാപനം ഉപകരിച്ചു. ചിന്നാര്‍ വന്യജീവി സങ്കേതം വടക്കും പാമ്പാടുംചോല നാഷനല്‍ പാര്‍ക്ക് കിഴക്കും തെക്കും ഭാഗങ്ങളിലും ആനമുടി ചോല നാഷനല്‍ പാര്‍ക്കും ഉള്‍പ്പെടെയുള്ള വന്യമൃഗസങ്കേതങ്ങള്‍ പടിഞ്ഞാറുമായുള്ള അതീവ പരിസ്ഥിതിപ്രാധാന്യമുള്ള പ്രദേശമാണ് കുറിഞ്ഞിമല സങ്കേതം. വനമേഖലയുടെ തുടര്‍ച്ചയില്ലായ്മ കാരണമാണ് പലപ്പോഴും വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലെത്തുന്നതും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതും. ഈ സാഹചര്യങ്ങളിലാണ് 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ 18ാം വകുപ്പ് പ്രകാരം ഏകദേശം 3200 ഹെക്ടര്‍ വരുന്ന പ്രദേശം കുറിഞ്ഞിമല സാങ്ച്വറിയായി പ്രഖ്യാപിക്കാന്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുമ്പോള്‍ അതിന്റെ അതിര്‍ത്തി കൃത്യമായി നിര്‍ണയിക്കപ്പെട്ടിരുന്നില്ല. അതിര്‍ത്തി അളന്നുതിരിച്ചു വിസ്തീര്‍ണം നിര്‍ണയിച്ചു ഭൂമിയിലുള്ള അവകാശങ്ങള്‍ തീര്‍പ്പാക്കിയായിരിക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക. 3200 ഹെക്ടര്‍ എന്ന സംഖ്യ ഒരു ഏകദേശ കണക്ക് മാത്രമാണെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ വിസ്തീര്‍ണം കുറയുമെന്ന പ്രചാരണത്തില്‍ കഴമ്പില്ല. അതു കുറയുകയോ കൂടുകയോ ചെയ്യാം. അതു വ്യക്തമാക്കുന്നതിന് അളന്നുതിരിക്കേണ്ടതുണ്ട്. തങ്ങള്‍ കൃഷി ചെയ്തുവരുന്ന ഭൂമി തങ്ങള്‍ക്ക് നഷ്ടപ്പെടുമോ എന്ന് അവിടെ വസിക്കുന്ന ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. അവിടെ താമസിക്കുന്ന കര്‍ഷകര്‍ അധികവും തമിഴ് വംശജരാണ്. അവരുടെ ഒരു പ്രത്യേകത, അവരുടെ വാസസ്ഥലമെല്ലാം വളരെ അടുത്തടുത്ത് വീടുകളും എന്നാല്‍ കൃഷിഭൂമി ദൂരെ മറ്റൊരിടത്തും എന്നതാണ്. കടവരി ഭാഗത്ത് കുറേ പേര്‍ അവരവരുടെ കൃഷിയിടത്തില്‍ കുടില്‍ കെട്ടി താമസിക്കുന്നുണ്ട് എങ്കിലും അവിടെ കൃഷി ചെയ്യുന്ന പലരും താമസിക്കുന്നത് അവിടെയല്ല എന്നതാണ് വസ്തുത. ചെമ്പുപട്ടയം ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും ഉള്ളവരാണ് തങ്ങളെന്നാണ് കര്‍ഷകര്‍ അവകാശപ്പെടുന്നത്. 50 സെന്റ് ഭൂമി നിയമപ്രകാരം കൈവശമുള്ളയാള്‍ പക്ഷേ വളച്ചുകെട്ടിയിരിക്കുന്ന ഭൂമി അതിനേക്കാള്‍ വളരെ വലുതാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തമിഴ് വംശജരായ ജനങ്ങള്‍ക്ക് നിയമാനുസൃതം പതിച്ചുകിട്ടിയിരുന്ന ഭൂമി പലരില്‍ നിന്നായി വാങ്ങി ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പോലും അട്ടിമറിച്ചുകൊണ്ട് വന്‍കിട ഗ്രാന്‍ഡിസ് പ്ലാന്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നവരും അവിടെയുണ്ട്. വട്ടവട, കോവിലൂര്‍ മുതല്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കടവരി വരെയുള്ള യാത്ര ദുര്‍ഘടവും ശ്രമകരവുമായിരുന്നു. തികച്ചും ഒറ്റപ്പെട്ട, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത, സാധുക്കളും ക്ഷമാശീലരും അധ്വാനികളുമായ കുറേ കര്‍ഷകരാണ് കടവരിയില്‍ താമസിക്കുന്നത്. അവര്‍ക്ക് വട്ടവടയിലോ മൂന്നാറിലോ എത്തുന്നതിനേക്കാള്‍ എളുപ്പമാണ് തമിഴ്‌നാട്ടിലെ ക്ലാവരയിലോ കൊടൈക്കനാലിലോ എത്തുക എന്നത്. തമിഴ്‌നാട്ടിലെ മുതലാളിമാര്‍ അവര്‍ക്ക് കൃഷിക്ക് ആവശ്യമായ വായ്പ നല്‍കുകയും അവരുടെ വിളവ് കുറഞ്ഞ വിലയ്ക്ക് വാങ്ങിയെടുക്കുകയും ചെയ്യും. അങ്ങനെ കേരളത്തില്‍ കൃഷി ചെയ്യുന്ന കാരറ്റും ഉരുളക്കിഴങ്ങും പട്ടാണിക്കടലയും ഗ്രീന്‍പീസും ഒക്കെ തമിഴ്‌നാട്ടിലൂടെ വീണ്ടും നമ്മുടെ വിപണിയിലേക്കുതന്നെ വന്നെത്തുന്നു.  ഈ സ്ഥിതി മാറ്റിയെടുക്കുന്നതില്‍ കൃഷിവകുപ്പ് പല സംരംഭങ്ങളും തുടങ്ങിയിട്ടുണ്ടെന്ന് അവിടെ സന്ദര്‍ശിച്ചതില്‍ നിന്നു മനസ്സിലായി. ഇതു വളരെ ആശാവഹമാണ്. കടവരിയിലെ ജനവാസകേന്ദ്രവും കടന്നു രണ്ടു കിലോമീറ്റര്‍ കൂടി മുകളിലേക്ക് സഞ്ചരിച്ചാല്‍ തിരുവിതാംകൂര്‍-തമിഴ്‌നാട് അതിര്‍ത്തി രേഖപ്പെടുത്തിയ അതിരുകല്ലിനടുത്തെത്താം. മന്ത്രിമാര്‍ ആരുംതന്നെ ഈ ഭാഗത്ത് ഇതിനു മുമ്പ് വന്നിട്ടില്ലെന്ന് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. തിരുവിതാംകൂര്‍ ആയിരിക്കുമ്പോള്‍ തന്നെ അവിടെ കുടിയേറിയവരാണെന്ന് അവര്‍ വാദിക്കുന്നുണ്ട്.  ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുമെന്ന് മുമ്പ് പല ജനപ്രതിനിധികളും ഉറപ്പുനല്‍കിയെങ്കിലും അത് ഇതുവരെ നടപ്പായില്ലെന്ന് അവര്‍ പരിതപിച്ചു.  എത്രയും വേഗം സര്‍വേ പൂര്‍ത്തിയാക്കി അതിര് അളന്നുതിരിക്കണമെന്നും നിയമാനുസൃത പട്ടയം ഉള്ളവരെയും കൈവശാവകാശമുള്ളവരെയും കര്‍ഷകരെയും സംരക്ഷിക്കുമെന്നും സാങ്ച്വറിയുടെ പേരില്‍ തങ്ങള്‍ വളരെ വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിയില്‍ നിന്ന് കുടിയിറക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു. അനധികൃത വന്‍കിട കൈയേറ്റങ്ങള്‍ ഒഴിവാക്കി, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മരങ്ങള്‍ പിഴുതുമാറ്റി, അവിടെ സ്വാഭാവിക വനങ്ങളും പുല്‍മേടുകളുമാക്കി മാറ്റിക്കൊണ്ട് പ്രകൃതിയെ തനിമയോടെ നിലനിര്‍ത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി ആ പ്രദേശത്തെ പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് വനംവകുപ്പ് ആഗ്രഹിക്കുന്നത്. വട്ടവട, കോവിലൂര്‍, കൊട്ടക്കാമ്പൂര്‍ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കുറിഞ്ഞി സാങ്ച്വറിയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കപ്പെട്ടാലും കടവരി പോലുള്ള സാങ്ച്വറിക്കുള്ളില്‍ ഒറ്റപ്പെട്ടുപോയ ചെറുഗ്രാമങ്ങളെ അവര്‍ക്ക് ദോഷകരമല്ലാത്ത രീതിയില്‍ എങ്ങനെ ഒഴിവാക്കാന്‍ കഴിയും എന്നത് ശ്രമകരമായ പ്രശ്‌നമാണ്. സാങ്ച്വറിക്കുള്ളില്‍ ഒരു പ്രത്യേക എന്‍ക്ലോസര്‍ (കെട്ടിയടക്കപ്പെട്ടിരിക്കുന്ന ഭൂമി) ആയി അവരെ നിലനിര്‍ത്തിയാല്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങളായ വൈദ്യുതി, റോഡ്, തുടങ്ങിയവ നടപ്പാക്കാന്‍ കഴിയാതെ വരും.  വനമേഖലയിലൂടെ അവയൊന്നും അനുവദിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അത്തരത്തില്‍ ഒറ്റപ്പെട്ട ഗ്രാമങ്ങളെ വനമേഖലയ്ക്ക് പുറത്തേക്ക് കൊണ്ടുവന്ന്  പുനരധിവസിക്കാമെന്ന് കരുതിയാല്‍, നിരവധി വര്‍ഷങ്ങളായി തങ്ങള്‍ വസിച്ചുവരുന്ന വീടും ഫലഭൂയിഷ്ഠമായ കൃഷിയിടവും വിട്ടുവരാന്‍ അവര്‍ ഒരുക്കവുമല്ല.  എന്തായാലും സാങ്ച്വറിയുടെ ഭൂമി അളന്നുതിരിക്കാതെ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താനും കഴിയില്ല.                            ി(വനം-വന്യജീവി മന്ത്രിയാണ് ലേഖകന്‍)
Next Story

RELATED STORIES

Share it