Flash News

കുമ്മനം പുറത്തുവിട്ട വീഡിയോ വിവാദത്തില്‍



കണ്ണൂര്‍: പയ്യന്നൂര്‍ കക്കംപാറയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആഘോഷിക്കുന്ന സിപിഎം പ്രവര്‍ത്തകരെന്ന പേരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പുറത്തുവിട്ടു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവാദവീഡിയോ കുമ്മനം ഷെയര്‍ ചെയ്തിരിക്കുന്നത്. രാത്രിയില്‍ ഷൂട്ട് ചെയ്തിരിക്കുന്ന വീഡിയോയില്‍ ചെറുപ്പക്കാര്‍ ബാന്‍ഡ് മേളവുമായി നടന്നുനീങ്ങുന്നതും നൃത്തംവയ്ക്കുന്നതും അവ്യക്തമായി കാണാം. എന്നാല്‍, മുദ്രാവാക്യം വിളിയോ പാര്‍ട്ടിയുടെ കൊടിയോ ചിഹ്നങ്ങളോ ദൃശ്യമല്ല. ആര്‍എസ്എസ് മണ്ഡലം കാര്യവാഹകിന്റെ മരണം അദ്ദേഹത്തെ കൊലപ്പെടുത്തിയ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ആഘോഷിക്കുന്നു എന്നാണ് വീഡിയോക്ക് നല്‍കിയ അടിക്കുറിപ്പ്. അതേസമയം, ഇക്കാര്യം സിപിഎം നേതൃത്വം നിഷേധിച്ചു. ഏതോ ഒരിടത്ത് എപ്പോഴോ നടത്തിയ ഘോഷയാത്രയുടെ ദൃശ്യമാണ് സംഘപരിവാരം ആഹ്ലാദപ്രകടനമെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വാഹനങ്ങള്‍ കടന്നുപോവുന്നത് വീഡിയോയില്‍ കാണാം. ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്ത ഘോഷയാത്രയുടെ ദൃശ്യമാണിത്. ഇതില്‍ എന്തെങ്കിലും തരത്തിലുള്ള മുദ്രാവാക്യവും വിളിക്കുന്നതായി കാണുന്നില്ല. ഇതെവിടെ നടന്നതാണെന്നത് കൂടി കുമ്മനം വ്യക്തമാക്കണം. ഇത്തരം കള്ളപ്രചാരണം ഒരു രാഷ്ട്രീയ നേതാവിന് പറ്റിയതല്ല. ആര്‍എസ്എസ് പ്രചാരകിന് മാത്രം നടത്താന്‍ കഴിയുന്ന ഒന്നാണത്. രാമന്തളി കൊലപാതകം സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റി പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ഈ സംഭവത്തെ തങ്ങള്‍ അപലപിക്കുന്നു. ഫലപ്രദമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണം. ഇതാണ് പാര്‍ട്ടിയുടെ നിലപാടെന്നിരിക്കെ യാതൊരു ആധികാരികതയുമില്ലാത്ത വീഡിയോ ദൃശ്യം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘപരിവാര ശ്രമം വിജയിക്കില്ല. ഈ കൊലപാതകത്തിന്റെ പേരില്‍ രാജ്യവ്യാപകമായി സിപിഎം വിരുദ്ധ വികാരമുയര്‍ത്താനാണ് ഇക്കൂട്ടരുടെ നീക്കമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it