malappuram local

കുപ്രസിദ്ധ വാഹന മോഷ്ടാക്കള്‍ കഞ്ചാവുമായി അറസ്റ്റില്‍

ചിറ്റൂര്‍: അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍, കോളജ് പരിസരങ്ങളിലും മറ്റും വിതരണത്തിനു കൊണ്ടുവന്ന 4.250 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പോലിസ് പിടിയിലായി. ചെത്തല്ലൂര്‍ റിയാസ് ബാബു എന്ന വീരപ്പന്‍ റിയാസ്, തിരൂരങ്ങാടി വടക്കേവീട് രഞ്ജിത്ത്(28) എന്നിവരാണ് ബൊലോറ വാഹനം സഹിതം വണ്ണാമട വെള്ളാരംകല്‍മേട് പോലിസ് പിടിയിലായത്.
പ്രതികള്‍ തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവു വാങ്ങി പാലക്കാട്, മലപ്പുറം ജില്ലകളില്‍ ചില്ലറ വില്‍പനയ്ക്കായി കൊണ്ടുവന്ന് വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനു ഉപയോഗിക്കുകയാണ് ചെയ്തു വന്നിരുന്നത്.
പ്രതികള്‍ ഇതിനു മുമ്പും വാഹനം ഉപയോഗിച്ച് തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വാഹനങ്ങളില്‍ സ്ത്രീകളുമായി സഞ്ചരിച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്.
സ്‌കൂള്‍, കോളജ് പ്രദേശങ്ങളാണ് പ്രധാനമായും ഇവരുടെ വില്‍പനകേന്ദ്രം. പിടിയിലായ റിയാസ് മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ മുപ്പതോളം വാഹനമോഷണ കേസുകളില്‍ ഉള്‍പ്പെട്ട് 2012ല്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയശേഷം കഞ്ചാവു വില്‍പന തുടരുകയായിരുന്നു.
രഞ്ജിത്ത് വയനാട്ടില്‍ വാഹനമോഷണക്കേസിലും തിരൂരങ്ങാടി കഞ്ചാവു കേസിലും ഉള്‍പ്പെട്ട പ്രതിയാണ്. നാലുവര്‍ഷം കഞ്ചാവുകേസില്‍ ശിക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ ജാമ്യത്തിലാണ്.
പ്രതികള്‍ മലപ്പുറം ജില്ലയിലെ കുപ്രസിദ്ധ വാഹന മോഷ്ടാവായ വീരപ്പന്‍ റഹീമിന്റെയും വാഹനമോഷ്ടാവായ മകന്‍ സിയാദിന്റെയും കൂട്ടുപ്രതിയാണ്. നിരവധി ഇന്‍ഡിക്ക, ബൊലോറ വാഹനങ്ങള്‍ മോഷണം നടത്തി അന്യസംസ്ഥാനത്ത് കൊണ്ടുപോയി വില്‍പന നടത്തിയിട്ടുണ്ട്.
വിദ്യാലയങ്ങളിലും കോളജുകളിലും മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിനു പ്രത്യേകമായി രൂപീകരിച്ച ആന്റി നാര്‍കോട്ടിക് സ്‌ക്വാഡിന്റെ അതിര്‍ത്തി സ്റ്റേഷനുകളിലും കാംപസ് പരിസരങ്ങളിലും നിരന്തരമായി നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ വലയിലായത്.
പിടികൂടിയ കഞ്ചാവിനു അറുപതിനായിരം രൂപ വില വരും. ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഡിവൈഎസ്പി എം കെ സുള്‍ഫിക്കറിന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.
ചിറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ കെ എം ബിജു, കൊഴിഞ്ഞാമ്പാറ സബ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് ഏബ്രഹാം, വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ജേക്കബ്, അശോകന്‍, ധര്‍മന്‍, നസീറലി, കൃഷ്ണദാസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ സന്തോഷ്, വിനോദ്, ജുനൈദ്, ബാലന്‍, സുനില്‍ അബ്ദുല്‍ ഷരീഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it