കുപ്രസിദ്ധ അന്തര്‍ജില്ലാ മോഷ്ടാവ് പോലിസ് പിടിയില്‍

കോഴിക്കോട്: മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ മെഡിക്കല്‍ ഷോപ്പുകളുടെയും മറ്റു കടകളുടെയും പൂട്ട് പൊളിച്ച് മോഷണം നടത്തിയ കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശി അഭിലാഷ് എന്ന കോട്ടത്തല രാജേഷിനെ (37) പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ എരഞ്ഞിപ്പാലത്ത് വച്ചു നടക്കാവ് എസ്‌ഐ സജീവും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ പി പൃഥിരാജിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ഒരുമാസമായി കോഴിക്കോട് നഗരത്തിലെ കടകളും മെഡിക്കല്‍ ഷോപ്പുകളും പൊളിച്ചു മോഷണം നടക്കുന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിനു നടക്കാവ് ഇന്‍സ്‌പെക്ടര്‍ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ ക്രൈം സ്‌ക്വാഡ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്നലെ പ്രതി മോഷണത്തിനായി എത്തിയിട്ടുണ്ടെന്നു സിറ്റി പോലിസ് കമ്മീഷണര്‍ക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പട്രോളിങ് ശക്തമാക്കിയിരുന്നു. കടകള്‍ പൊളിക്കുന്നതിനുള്ള ആയുധങ്ങളുമായി എരഞ്ഞിപ്പാലത്ത് എത്തിയ ഇയാളെ പോലിസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. പിടികൂടുമ്പോള്‍ ഇയാളുടെ കൈയില്‍ കളവുമുതലുകള്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി 100ഓളം മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടു ജയിലിലായിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മോഷണം നടത്തിവരുകയായിരുന്നു. മോഷണമുതല്‍ ഉപയോഗിച്ചു വലിയ ഹോട്ടലുകളില്‍ മുറിയെടുത്ത് ആര്‍ഭാട ജീവിതം നയിച്ചുവരുകയായിരുന്നു ഇയാളെന്നു പോലിസ് പറഞ്ഞു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, മലപ്പുറം ജില്ലയിലെ തിരൂര്‍, കുറ്റിപ്പുറം, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ 100ഓളം കടകളില്‍ കളവ് നടത്തിയതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കൂടാതെ, കോഴിക്കോട് സിറ്റിയിലെ നടക്കാവിലെ സൂര്യ മെഡിക്കല്‍സ്, മാങ്കാവിലെ സേവന മെഡിക്കല്‍സ്, കോവൂരിലെ ലൈഫ് ഇന്‍ ഹൈപ്പര്‍ ഫാര്‍മ, തൊണ്ടയാട്ടുള്ള മിന്റ് മെഡിക്കല്‍സ്, വാമിക മെഡിക്കല്‍സ് എന്നിവിടങ്ങളിലും കളവ് നടത്തിയത് ഇയാളാണെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ നടക്കാവ് ഇന്‍സ്‌പെക്ടര്‍ ടി കെ അഷ്‌റഫ്, നടക്കാവ് എസ്‌ഐ എസ് സജീവ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം മുഹമ്മദ് ഷാഫി, എം സജി, പി അഖിലേഷ്, ഷാലു, പ്രപിന്‍ എന്നിവരെ കൂടാതെ എഎസ്‌ഐമാരായ സാബുനാഥ്, രാജീവന്‍, സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ ബീരജ്, രഞ്ജിത്ത്, ഫെബിന്‍, രൂപേഷ് എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it