കുനിയില്‍ ഇരട്ടക്കൊലപാതകം: വിചാരണ സപ്തംബറില്‍ ആരംഭിക്കും

മഞ്ചേരി: അരീക്കോട് കുനിയില്‍ സഹോദരങ്ങളെ വെട്ടി ക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ സപ്തംബര്‍ മൂന്നിന് ആരംഭിക്കും. മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണു സാക്ഷിവിസ്താരം ആരംഭിക്കുക. 21 പ്രതികളും 365 സാക്ഷികളുമുള്ള കേസില്‍ നവംബര്‍ എട്ടു വരെ 44 ദിവസം വിചാരണ നടക്കും. തൊണ്ടിമുതലുകളടക്കം 1000ത്തിലധികം രേഖകളും തെളിവുകളുമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സാക്ഷികള്‍ക്ക് ഉടന്‍ സമന്‍സ് അയക്കും.
2012 ജൂണ്‍ 10നാണു കേസിനാസ്പദമായ സംഭവം നടന്നത്. അതീഖ് റഹ്മാന്‍ വധക്കേസില്‍ പ്രതികളും സഹോദരങ്ങളുമായ കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (48), സഹോദരന്‍ അബ്ദുല്‍ കലാം ആസാദ് (37) എന്നിവരെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. ഒന്നാംപ്രതി കുറുമാടന്‍ മുക്താര്‍ എന്ന മുത്തു (29), സഹോദരനും 16ാം പ്രതിയുമായ ശറഫുദ്ദീന്‍ എന്ന ചെറിയുപ്പ (36) എന്നിവര്‍ അതീഖ് റഹ്മാന്റെ സഹോദരങ്ങളാണ്. 2012 ജനുവരി അഞ്ചിനായിരുന്നു അതീഖ് റഹ്മാനെ കുനിയില്‍ അങ്ങാടിയില്‍ വച്ച് കൊലപ്പെടുത്തിയത്. ഇതിന്റെ പ്രതികാരമായിരുന്നു ഇരട്ടക്കൊലപാതകം എന്നാണ് പോലിസ് റിപോര്‍ട്ട്.
തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന എസ് ഗോപിനാഥ്, പാലക്കാട്, മലപ്പുറം ജില്ലാ പോലിസ് മേധാവികളായിരുന്ന എം പി ദിനേശ്, സേതുരാമന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നാര്‍കോട്ടിക് ഡിവൈഎസ്പിയായിരുന്ന എം പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസ് അന്വേഷിച്ചത്. 2012 സപ്തംബര്‍ 10നാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിക്കാന്‍ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ എം കൃഷ്ണന്‍ നമ്പൂതിരി, അഭിഭാഷകരായ വരവത്ത് മനോജ്, ടോം കെ തോമസ്, വി പി വിപിന്‍നാഥ്, ശറഫുദ്ദീന്‍ മുസ്‌ല്യാര്‍ എന്നിവരും പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ സി കെ ശ്രീധരന്‍ കാസര്‍കോട്, എം പി അബ്ദുല്‍ ലത്തീഫ്, യു എ ലത്തീഫ്, കെ രാജേന്ദ്രന്‍ എന്നിവരും ഹാജരായി.
Next Story

RELATED STORIES

Share it