കുത്തൊഴുക്കിലും കരപിടിച്ച് ജേക്കബ് ഗ്രൂപ്പ്

കൊച്ചി: യുഡിഎഫിലെ ചെറു കക്ഷികള്‍ കൂപ്പുകുത്തിയപ്പോള്‍ പിടിച്ചുനിന്നത് കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് മാത്രം. ടി എം ജേക്കബിന്റെ മരണത്തോടെ ശോഷിച്ചു പോയ പാര്‍ട്ടിയെ അവഗണിക്കുന്ന സമീപനമായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചുവന്നിരുന്നത്.

2011ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് രണ്ട് സീറ്റുകള്‍ ജേക്കബ് ഗ്രൂപ്പിന് മല്‍സരിക്കാന്‍ നല്‍കിയിരുന്നുവെങ്കില്‍ ഇത്തവണ അത് ഒരു സീറ്റ് മാത്രമാക്കി ചുരുക്കി. മന്ത്രി അനൂപ് ജേക്കബ് മല്‍സരിച്ച് വിജയിച്ച പിറവം മാത്രമായിരുന്നു ഇത്തവണ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് നല്‍കിയത്. അതും സിറ്റിങ് സീറ്റായതുകൊണ്ടു മാത്രം. പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ 2011ല്‍ മല്‍സരിച്ച് പരാജയപ്പെട്ട അങ്കമാലി ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുത്തെങ്കിലും പകരം സീറ്റ് നല്‍കാന്‍ തയ്യാറായില്ല. കടുത്ത വെല്ലുവിളികള്‍ നേരിട്ടായിരുന്നു ഇത്തവണ കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പിറവത്ത് മല്‍സരിച്ചത്.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വിവിധ ഘട്ടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് ലീഡ് ചെയ്തുവെങ്കിലും ഒരു ഘട്ടത്തിനുശേഷം അനൂപിന്റെ ലീഡ് നില ഉയര്‍ന്നുകൊണ്ടിരുന്നു. എം ജെ ജേക്കബിനെതിരേ 2012 മാര്‍ച്ചില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കിലും 6195 വോട്ടിന്റെ ലീഡില്‍ മണ്ഡലം കാക്കാന്‍ അനൂപ് ജേക്കബിന് സാധിച്ചു എന്നു മാത്രമല്ല, പരാജയപ്പെടുകയായിരുന്നുവെങ്കില്‍ ഒരു പക്ഷേ പാര്‍ട്ടിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമായിരുന്ന പ്രതിസന്ധിയെ മറികടക്കാനും കഴിഞ്ഞു.
Next Story

RELATED STORIES

Share it