wayanad local

കുട്ടികള്‍ക്കെതിരായ അതിക്രമം : അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നു



മാനന്തവാടി: കുട്ടികള്‍ നിരവധി പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്റ നേതൃത്വത്തില്‍ ജില്ലയിലെ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായി ബ്ലോക്ക് തലത്തില്‍ കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി സംഘടിപ്പിക്കുമെന്നു ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കെ കെ പ്രജിത്ത്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വിക്ടര്‍ ജോണ്‍സന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ കുട്ടികള്‍ ഇടപ്പെടുന്ന മേഖലകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. കുട്ടികളെ ശാരീരികവും മാനസികവും ലൈംഗികവുമായി ദുരുപയോഗം ചെയ്യുന്ന കേസുകള്‍ അനുദിനം ജില്ലയില്‍ വര്‍ധിക്കുകയാണ്. വീടുകള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയ കുട്ടികള്‍ക്ക് സംരക്ഷണം ലഭിക്കേണ്ട സ്ഥലങ്ങളില്‍ നിന്നൊക്കെ കുട്ടികള്‍ പലതരം ചൂഷണങ്ങള്‍ക്കിരയാവുന്നു. കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍, കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ മറ്റ് സംവിധാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള കൃത്യമായ അവബോധം അധ്യാപകര്‍ക്ക് ലഭിക്കുന്നതിലൂടെ ഇത്തരം കേസുകള്‍ യഥാവിധി റിപോര്‍ട്ട് ചെയ്യുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സഹായകരമാവുന്ന രീതിയിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഒരോ ബ്ലോക്കിനു കീഴിലും വരുന്ന എല്ലാ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും പ്രധാനാധ്യാപകനും അതാത് സ്‌കൂളുകളില്‍ നിന്നു തിരഞ്ഞെടുക്കുന്ന അധ്യാപകര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് മാനന്തവാടി ഹില്‍ബ്ലൂംസ് സ്‌കൂളില്‍ മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യ നിര്‍വഹിക്കും. നവബര്‍ രണ്ടിന് പനമരം ബ്ലോക്കിലും 3ന് കല്‍പ്പറ്റ ബ്ലോക്കിലും 7ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലുമായി 200 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
Next Story

RELATED STORIES

Share it