Articles

കുട്ടികളെ വളര്‍ത്തേണ്ടതെങ്ങനെ?

കുട്ടികളെ വളര്‍ത്തേണ്ടതെങ്ങനെ?
X


ബാബുരാജ്  ബി  എസ്

'എന്റെ അച്ഛനമ്മമാര്‍ ഒരു വടിയെടുത്ത് അരുത് എന്നു പറഞ്ഞിരുന്നെങ്കില്‍ ഞാനിങ്ങനെ ആവുമായിരുന്നില്ല'- കൊച്ചി സര്‍വകലാശാലയിലെ പഴയൊരു ബാച്ചിലെ പെണ്‍കുട്ടി തന്റെ സ്വഭാവത്തിലെ ചില വൈകല്യങ്ങളെ കുറിച്ചും നിസ്സാരമെങ്കിലും അത് തനിക്കുണ്ടാക്കിയ ദുരന്തങ്ങളെ കുറിച്ചും പറയുമ്പോള്‍ ആ സദസ്സില്‍ ഞാനുമുണ്ടായിരുന്നു. മുന്‍കോപമായിരുന്നു അവരുടെ പ്രശ്‌നം. ആ ചെറിയ പ്രായത്തിനുള്ളില്‍ അവര്‍ക്ക് സ്വന്തം ജീവിതം തന്നെ കൈവിട്ടുപോയിരുന്നു. ഒടുവില്‍ ജീവിതം രണ്ടാമതൊന്നുകൂടി ആരംഭിക്കാനാണ് അവര്‍ വൈകിയാണെങ്കിലും വിദ്യാര്‍ഥിനിയായെത്തിയത്. ദുരനുഭവങ്ങള്‍ അവര്‍ക്ക് അതിജീവിക്കാനുള്ള പ്രചോദനമായിത്തീര്‍ന്നുവെന്ന് അവരുടെ പില്‍ക്കാല ജീവിതം തെളിയിച്ചു. ചില അരുതുകളും ശിക്ഷയും ജീവിതത്തെ നേര്‍വഴിക്കു നടത്തുമെന്ന അഭിപ്രായക്കാരിയായിരുന്നു അവര്‍. എന്നാല്‍, എല്ലായ്‌പോഴും അത് അങ്ങനെയാവണമെന്നില്ല. കഴിഞ്ഞ ദിവസം കൊല്ലം ട്രിനിറ്റി സ്‌കൂളിലെ സംഭവം ഒരു ശിക്ഷയുടെ കഥയാണ്. ട്രിനിറ്റിയിലെ പത്താം ക്ലാസുകാരിയാണ് ഗൗരി നേഘ. അനിയത്തി മീരയും അതേ സ്‌കൂളില്‍ തന്നെ. ക്ലാസില്‍ സംസാരിച്ച കുറ്റത്തിന് അധ്യാപികമാര്‍ മീരയെ ആണ്‍കുട്ടികളുടെ അടുത്തിരുത്തി. ഇതൊരു പരമ്പരാഗത ശിക്ഷാരീതിയുമാണല്ലോ. അപമാനം തോന്നിയ മീര വീട്ടില്‍ പരാതി പറഞ്ഞു. അമ്മ പിറ്റേ ദിവസം തന്നെ സ്‌കൂളില്‍ ചെന്ന് പ്രിന്‍സിപ്പലിനെ കണ്ടു. ഇത്തരം ശിക്ഷകള്‍ ഇനിയുണ്ടാവില്ലെന്ന് ഉറപ്പു വാങ്ങി. പക്ഷേ, അതു പാലിക്കപ്പെട്ടില്ല. അടുത്ത ദിവസവും ശിക്ഷ ആവര്‍ത്തിച്ചു. ചേച്ചിയെന്ന നിലയില്‍ മീര ഇടപെട്ടു. ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കാനാണ് വീട്ടുകാര്‍ ആലോചിക്കുന്നതെന്ന് ഗൗരി, ടീച്ചര്‍മാരായ സിന്ധുവിനെയും ക്രസന്റിനെയും അറിയിച്ചു. അതും കഴിഞ്ഞ് ചോറുണ്ണാന്‍ ക്ലാസ്മുറിയിലെത്തിയ ഗൗരിയെ ടീച്ചര്‍മാര്‍ തിരിച്ചുവിളിച്ചു. പിന്നീട് ഗൗരിയുടെ രക്തത്തില്‍ കുളിച്ച ശരീരമാണ് കുട്ടികള്‍ കാണുന്നത്. അവള്‍ കെട്ടിടത്തില്‍ നിന്നു താഴേക്കു ചാടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവള്‍ ഏറെ താമസിയാതെ മരിച്ചു. അധ്യാപികമാര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇരുവരും ഒളിവിലാണ്. തൃശൂര്‍ ജില്ലയിലെ തീരപ്രദേശത്തും ഏതാനും വര്‍ഷം മുമ്പ് ഇതുപോലെ ഒരു സംഭവമുണ്ടായി. ക്ലാസില്‍ പഠിച്ചുവരാതിരുന്ന കുട്ടിയെ ടീച്ചര്‍ പുറത്താക്കി. ഏറെ നേരം വെളിയില്‍ നിന്നതുകൊണ്ടാകാം കുട്ടി തലകറങ്ങിവീണു. അധ്യാപകര്‍ അവനെ ആശുപത്രിയിലാക്കിയെങ്കിലും താമസിയാതെ മരിച്ചു. മരണത്തില്‍ അധ്യാപകര്‍ക്കെതിരേ പരാതിയുണ്ടായി. നാട്ടുകാര്‍ ഇളകിവരുകയും ചെയ്തു. ഒളിഞ്ഞിരുന്ന ഏതോ രോഗമായിരുന്നു കുറ്റവാളിയെന്ന് പിന്നീട് തെളിഞ്ഞു. വീട്ടിലായാലും സ്‌കൂളിലായാലും കുട്ടികളെ ശിക്ഷിച്ചു വളര്‍ത്തണമെന്ന അഭിപ്രായമുള്ളവരാണ് നാം കേരളീയര്‍. ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള എന്നാണ് പ്രമാണം. ചൂരല്‍പ്രയോഗത്തെ ചൂരല്‍ക്കഷായം, ചൂരല്‍പ്പഴം എന്നൊക്കെയാണ് ഓമനത്തത്തോടെ വിളിക്കാറ്. പണ്ടൊക്കെ പുഴുങ്ങി ബലം വരുത്തിയ ചൂരലുകള്‍ ക്ലാസിലെത്തിക്കേണ്ടത് വിദ്യാര്‍ഥികളുടെ ചുമതലയായിരുന്നു. ശിക്ഷ സന്മാര്‍ഗത്തിന്റെ അവശ്യഘടകമാണെന്ന് കരുതിയിരുന്നതിനാലാകാം ആര്‍ക്കും പരാതിയില്ലായിരുന്നു. അധ്യാപകരുടെ തല്ലിന്റെ ദാര്‍ശനികതയെ കുറിച്ച് കൊട്ടാരത്തില്‍ ശങ്കുണ്ണി ഒരു കഥ തന്നെ എഴുതിയിട്ടുണ്ട്, ഐതിഹ്യമാലയില്‍. അത്യന്തം ബുദ്ധിമാനായിരുന്ന പ്രഭാകരനെ ഗുരു നിരന്തരം ശിക്ഷിക്കുന്നതും അതില്‍ മനംനൊന്ത് അവന്‍ അദ്ദേഹത്തെ കൊല്ലാന്‍ തീരുമാനിക്കുന്നതുമാണ് കഥ. ഒടുവില്‍ ഗുരുവിന്റെ മനഃസ്ഥിതി തിരിച്ചറിഞ്ഞ പ്രഭാകരന്‍ പശ്ചാത്തപിക്കുന്നു. കുറ്റം ഏറ്റുപറഞ്ഞ വിദ്യാര്‍ഥിയോട് ഗുരു പൊറുത്തെങ്കിലും അവനത് പോരായിരുന്നു. ഉമിത്തീയില്‍ നീറിനീറിയുള്ള മരണമാണ് അവന്‍ തിരഞ്ഞെടുത്തത്. ഗുരുക്കന്മാരോട് നന്ദിയും വിശ്വാസവും അനുസരണയും ചോദ്യം ചെയ്യപ്പെടാത്ത ഭക്തിയുമാണ് മലയാളികള്‍ പ്രതീക്ഷിക്കുന്നതെന്നതിന് ഈ കഥ സാക്ഷി. കേരളീയര്‍ ഒരു ജനത എന്ന നിലയില്‍ ആചരിച്ചുപോരുന്ന സംവിധാനമാണ് ഇത്തരം ശിക്ഷാവിധികള്‍. ലാളിച്ചു വഷളാക്കുക എന്ന പ്രയോഗത്തിന്റെ ഉള്ളില്‍ ശിക്ഷയുടെ അഭാവമുണ്ട്. ശിക്ഷയ്ക്ക് മലയാളത്തില്‍ പഠിപ്പിക്കുക എന്നും അര്‍ഥമുണ്ടല്ലോ. ചുരുക്കത്തില്‍, കുട്ടികളെ ശിക്ഷിക്കുകയെന്നത് വ്യക്തിപരം എന്നതിനേക്കാള്‍ സാമൂഹികമായ പ്രതികരണമാണ്. ശിക്ഷയിലൂടെ വിദ്യയും സന്മാര്‍ഗവും പഠിക്കുന്നതാണ് ശരിയെന്ന ഉത്തമബോധ്യത്തോടെ ചെയ്യുന്ന അധ്യാപകരാണ് അധികവും. മറിച്ചുള്ളവരും ഉണ്ടാവാം. വീട്ടിലായാലും സ്‌കൂളിലായാലും കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്നത് ഇന്നുമൊരു കീറാമുട്ടിയാണ്. പഴയ തലമുറയുടെ രീതി പുതിയവരും പിന്തുടരുന്നു. ട്രിനിറ്റിയില്‍ ചിലപ്പോള്‍ അരുതാത്തതെന്തെങ്കിലും നടന്നിരിക്കാം. അതു മാറ്റിവച്ചാലും ഒരു പൊതു മെക്കാനിസമെന്ന നിലയില്‍ സമൂഹം മൊത്തത്തില്‍ ഇതിനോട് നിലപാട് എടുക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അത് മുഴുവന്‍ കുറ്റവും ഏതാനും ചിലരുടെ തലയില്‍ ചാര്‍ത്തി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറലാവും.
Next Story

RELATED STORIES

Share it