കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നില്ലെന്ന പോലിസ് വാദം പൊളിയുന്നു

ഫഖ്‌റുദ്ദീന്‍  പന്താവൂര്‍

പൊന്നാനി: കുട്ടികളെ തട്ടിക്കൊണ്ട് പോവുന്ന സംഘങ്ങള്‍ സംസ്ഥാനത്തിറങ്ങിയിട്ടുണ്ടെന്ന പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന പോലിസ് വാദം പൊളിയുന്നു. സംസ്ഥാനത്തെ ആശങ്കയിലാക്കി രണ്ടിടത്താണ് കുട്ടികളെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമം നടന്നത്. ആലപ്പുഴ പൂച്ചാക്കലിലും കോഴിക്കോട് കക്കോടിയിലുമാണ് തട്ടിക്കൊണ്ട് പോവാനുള്ള ശ്രമം നടന്നത്. ഇതില്‍ ആലപ്പുഴയില്‍ നിന്ന് ആന്ധ്ര സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഒന്നര വയസ്സുള്ള കുഞ്ഞിനെ അമ്മയുടെ കൈയില്‍ നിന്ന് തട്ടിപ്പറിച്ച് ഓടിയയാളെ പിടികൂടാനായിട്ടില്ല. എന്നാല്‍, കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന ഒരു സംഘവും കേരളത്തില്‍ എത്തിയിട്ടില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നുമുള്ള സന്ദേശമാണ് പോലിസ് ആവര്‍ത്തിക്കുന്നത്. ആലപ്പുഴ പൂച്ചാക്കല്‍ പാണാവള്ളി അരയന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച ആളില്‍ നിന്നും 9000 രൂപ, ബോ ള്‍ ഐസ്‌ക്രീം, പലഹാരം, കളിപ്പാട്ടം, കത്തി, മുള്ളാണികള്‍, ചവണ, ബ്ലെയിഡ്, എന്നിവ കണ്ടെടുത്തിരുന്നു. സംസ്ഥാനത്തിന്റെ  പലഭാഗങ്ങളിലും  വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പരിഭ്രാന്തിയിലായിരുന്നു. അതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കോതമംഗലം, മൂവാറ്റുപുഴ ഭാഗങ്ങളിലെ ഇരുപതോളം വീടുകളിലും കറുത്ത സ്റ്റിക്കര്‍ പതിച്ചിട്ടുള്ളതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കറുത്ത സ്റ്റിക്കര്‍ ഒട്ടിക്കുന്നതിന് പിന്നില്‍ സിസിടിവി കമ്പനിയുടെ മാര്‍ക്കറ്റിങ് തന്ത്രമാണെന്ന് കമ്പനി അധികാരികള്‍ തന്നെ സമ്മതിച്ചതായി കഴിഞ്ഞദിവസം മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചെങ്കിലും ഇതു സംബന്ധമായ ദുരൂഹതകള്‍ ഒഴിഞ്ഞിട്ടില്ല. ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയാല്‍ അത് ചെയ്യുന്നവര്‍ക്കെതിരേ സൈബര്‍ പോലിസിനെ ഉപയോഗിച്ച് നടപടിയെടുക്കുമെന്ന കര്‍ശന നിര്‍ദേശവും കേരള പോലിസ് ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് വാട്‌സ്ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ഏറെക്കുറെ തടയാനായി. എന്നാല്‍, സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന സന്ദേശങ്ങളെല്ലാം വ്യാജമാണെന്നും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തട്ടിക്കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് പരിഭ്രാന്തി പരത്തുന്നു. കഴിഞ്ഞയാഴ്ച  പൊന്നാനിയില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോവുന്നവര്‍ എന്ന് സംശയിച്ച് വിവിധ ദിവസങ്ങളിലായി വയോധികനെയും വയോധികയെയും നാട്ടുകാര്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. സ്വന്തം കുട്ടിയുമായി ബീച്ചില്‍ പോയയാളെയും നാട്ടുകാര്‍ തടഞ്ഞുവച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും അമ്മമാര്‍ കുഞ്ഞുങ്ങളെ നഴ്‌സറിയിലും അങ്കണവാടിയിലും അയയ്ക്കാതായി. ഇതിനിടയിലാണ് കുട്ടികളെ തട്ടിക്കൊണ്ട് പോവാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നതും കറുത്ത സ്റ്റിക്കറുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നതും. കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ 25 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു വശത്ത് സോഷ്യല്‍ മീഡിയയിലൂടെ തുടരുന്ന പ്രചാരണങ്ങള്‍, മറ്റൊരിടത്ത് കുപ്രചാരണങ്ങളില്‍ വീഴരുതെന്ന പോലിസ് സന്ദേശം. എന്നാല്‍, ഇതില്‍ ഏത് വിശ്വസിക്കണമെന്നറിയാത്ത അവസ്ഥയിലാണ് ജനം.
Next Story

RELATED STORIES

Share it