thiruvananthapuram local

കുട്ടികളുമായി ബന്ധപ്പെട്ട റിപോര്‍ട്ടിങില്‍ സൂക്ഷ്മത പ്രധാനം: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സൂക്ഷ്മതയാര്‍ന്ന റിപോര്‍ട്ടിങ് രീതി അവലംബിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം എംപി ആന്റണി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെയും പ്രസ്‌ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ബാലാവകാശ, പോക്‌സോ നിയമങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലയുടെ സമാപന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുതുതലമുറയിലെ കുട്ടികളുടൈ മനോവിചാരങ്ങള്‍ ഉള്‍ക്കൊണ്ട് കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കിയാവണം റിപോര്‍ട്ടുകള്‍ നല്‍കേണ്ടതെന്നും കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള മാധ്യമ ഇടപെടലുകള്‍ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ സ്വകാര്യതയും സംരക്ഷണവും ഉറപ്പുവരുത്തേണ്ട സാമൂഹിക ഉത്തരവാദിത്തം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടെന്ന് ബാലാവകാശങ്ങളും മാധ്യമ റിപോര്‍ട്ടിങ്ങും നിയമപരമായ വെല്ലുവിളികളും എന്ന വിഷയം അവതരിപ്പിച്ച സി ഗൗരീദാസന്‍ നായര്‍ പറഞ്ഞു. അതിക്രമങ്ങള്‍ക്കിരയായ കുട്ടികളുടെ അവകാശം മരണത്തോടെ തീരുന്നില്ലെന്നും അതുകുടുംബങ്ങളിലേക്ക് നീളുന്നുണ്ടെന്ന് മനസ്സിലാക്കിയാവണം റിപോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന കുട്ടികളുടെ പുനരധിവാസത്തിന് ഊന്നല്‍ നല്‍കണമെന്നും ഇവരെ തിരിച്ചറിയാന്‍ സഹായകമാകുന്ന വെളിപ്പെടുത്തലുകള്‍ ഒഴിവാക്കണമെന്നും ആമുഖപ്രഭാഷണം നടത്തിയ കമ്മീഷനംഗം അഡ്വ. ശ്രീല മേനോന്‍ പറഞ്ഞു.
അതിക്രമം നേരിടേണ്ടി വരുന്ന കുട്ടിയുടെ സ്വകാര്യത വെളിപ്പെടുമ്പോള്‍ അവരുടെ പുനരധിവാസം പോലും ഫലപ്രദമായി നടക്കില്ലെന്ന് ബാലാവകാശവും റിപോര്‍ട്ടിങും പുനരധിവാസവും വിഷയം അവതരിപ്പിച്ച ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കെകെ സുബൈര്‍ പറഞ്ഞു. കുട്ടി തിരിച്ചറിയപ്പെടുന്നതോടെ പലപ്പോഴും പുനരധിവാസ സാധ്യത പരാജയപ്പെടുകയും നാടുവിട്ടു പോകേണ്ട അവസ്ഥ വരുകയും ചെയ്യുന്നുവെന്നത് റിപോര്‍ട്ടിങില്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ബാലാവകാശ കമ്മീഷനംഗം സിസ്റ്റര്‍ ബിജി ജോസ് മോഡറേറ്ററായി. കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പിആര്‍ഒ ആര്‍ വേണുഗോപാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ അരുണ്‍ കുമാര്‍, പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികളായ ഡിഎസ് രാജ്‌മോഹന്‍, കെ ശശികുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it