Alappuzha local

കുടുംബശ്രീ സംസ്ഥാന വാര്‍ഷികം ; വരവേല്‍ക്കാന്‍ ആലപ്പുഴ ഒരുങ്ങി



ആലപ്പുഴ: ഈ മാസം  20 മുതല്‍ 31 വരെ ആലപ്പുഴയില്‍ നടക്കുന്ന കുടുംബശ്രീ 19-ാം സംസ്ഥാന വാര്‍ഷികം ചരിത്ര സംഭവമാക്കാന്‍ ജില്ലയിലെ സിഡിഎസ് ചെയര്‍പേഴ്‌സന്‍മാരുടെ യോഗം തീരുമാനിച്ചു. തയാറെടുപ്പുകള്‍ 79 സിഡിഎസുകളിലും ഇതിനകം തുടങ്ങികഴിഞ്ഞു. ജില്ലയിലെ 1354 എഡിഎസുകളിലും പ്രചരണ ബാനറും ബോര്‍ഡുകളും സ്ഥാപിച്ചു. ജില്ലയിലെ 20,108 അയല്‍ക്കൂട്ടങ്ങളും 10 വീതം കൈയ്യെഴുത്ത് പോസ്റ്ററുകള്‍ സ്ഥാപിച്ചു.കഴിഞ്ഞ ദിവസം എല്ലാ അയല്‍ക്കൂട്ടങ്ങളിലും വാര്‍ഷിക സന്ദേശ ജ്വാല തെളിയിച്ചു.  17ന് കാവാലത്ത് വനിതകള്‍ പങ്കെടുക്കുന്ന ചെറുവള്ളങ്ങളുടെ മത്സരവും 19 ന് ആലപ്പുഴ പട്ടണത്തില്‍ 250 വനിതകള്‍ പങ്കെടുക്കുന്ന ഇരുചക്ര വാഹന റാലിയും സംഘടിപ്പിക്കും. 28 ന് ഒരു ലക്ഷം വനിതകള്‍ പങ്കെടുക്കുന്ന സംഗമം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 20, 21 തീയതികളില്‍ എസ്‌കെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്ലീനത്തില്‍ പങ്കെടുക്കുന്ന 1,500 പേര്‍ക്കുള്ള രണ്ടു ദിവസത്തെ ഭക്ഷണത്തിനുള്ള സാധനങ്ങള്‍ ജില്ലയിലെ 80 സിഡിഎസുകളില്‍ നിന്നും ശേഖരിക്കും. 20 ന് വൈകിട്ട് അഞ്ചിന് പിന്നണി ഗായിക ദലീമ ജോജോ നയിക്കുന്ന ഗാനമേള. 20, 21 തിയതികള്‍ നടക്കുന്ന പ്ലീനത്തില്‍ എത്തുന്നവര്‍ക്കും, 22,23 തീയതികളിലായി നടക്കുന്ന കലാമല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും പുന്നപ്ര വടക്ക്, ആലപ്പുഴ വടക്ക്, ആലപ്പുഴ തെക്ക്, ആര്യാട്, മാരാരിക്കുളം തെക്ക് എന്നീ സിഡിഎസ്സുകളിലെ കുടുംബശ്രീ അംഗങ്ങളുടെ ഭവനങ്ങളിലാണ് താമസം ഒരുക്കിയിരിക്കുന്നത്.24 മുതല്‍ 31 വരെ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ട്രേഡ് ഫെയറില്‍ സംസ്ഥാനത്തെ വിവിധ സംരംഭക ഗ്രൂപ്പുകളുടെ സ്റ്റാളുകള്‍ ഉണ്ടാകും.ജില്ലാ മിഷനിലെ ഉദ്യോഗസ്ഥര്‍, ട്രെയിനിങ് ടീം അംഗങ്ങള്‍, എംഇസിമാര്‍, കാസ് ടീം അംഗങ്ങള്‍ എന്നിവര്‍ അടങ്ങുന്ന 80 അംഗ സംഘമായിരിക്കും വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കുക. മന്ത്രി ജി സുധാകരന്‍ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ വര്‍ക്കിംഗ് ചെയര്‍മാനായും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ കണ്‍വീനറുമായി സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നു. ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ആണ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍.
Next Story

RELATED STORIES

Share it