Flash News

കുടുംബശ്രീ മാതൃക അസമിലെ 51 ഗ്രാമപ്പഞ്ചായത്തുകളില്‍ കൂടി ; ധാരണാപത്രം ഇന്ന് ഒപ്പുവയ്ക്കും



തിരുവനന്തപുരം: കുടുംബശ്രീ മാതൃക അസമിലെ 51 ഗ്രാമപ്പഞ്ചായത്തുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നു. അസമിലും ഡല്‍ഹിയിലും നടന്ന ഉന്നതതല ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ചു തീരുമാനമായത്. ഇതു പ്രകാരം മന്ത്രി ഡോ. കെ ടി ജലീലിന്റെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, അസം സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ ചീഫ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ദിഗന്ത ഗൊഗോയ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അജിത് നര്‍സാരി എന്നിവര്‍ സംയുക്തമായി രാവിലെ 10നു മന്ത്രിയുടെ ചേംബറില്‍ ധാരണാപത്രം ഒപ്പുവയ്ക്കും. അസമിലെ നാഗോണ്‍, സോണിപുര്‍ ജില്ലകളിലെ 51 ഗ്രാമപ്പഞ്ചായത്തുകളിലാണ് ഇനി കുടുംബശ്രീ മാതൃക വ്യാപിപ്പിക്കുന്നത്. 2014 മുതല്‍ അസമിലെ മോറിഗോണ്‍ ജില്ലകളിലെ ലാഹരിഘട്ട്, ബാജിയഗോണ്‍ ബ്ലോക്കുകളിലെ 36 പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി അസമിലും സ്ത്രീകളുടെ സ്വയംസഹായ ഗ്രൂപ്പുകളുടെ രൂപീകരണവും ഉപജീവനപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയുമാണ് കുടുംബശ്രീ ചെയ്യുന്നത്. ഇതിനായി കുടുംബശ്രീ നാഷനല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മെന്റര്‍മാരുടെയും പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ നിന്നുതന്നെ തിരഞ്ഞെടുത്തിട്ടുള്ള മെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. നിലവില്‍ 13 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും കുടുംബശ്രീ മാതൃക വിജയകരമായി നടപ്പാക്കിവരുകയാണ്.
Next Story

RELATED STORIES

Share it