thrissur local

കുടുംബശ്രീ തൊഴിലാളികളുടെ വേതനം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തടഞ്ഞു

തൃശൂര്‍: തേക്കിന്‍കാട് ശുചീകരണം നടത്തുന്ന പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരുടെ ശമ്പളം കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ തടഞ്ഞു.
തേക്കിന്‍കാട്ടിലെ ശുചീകരണ ചുമതല നവംബര്‍ ഒന്നുമുതല്‍ ടൂറിസം മന്ത്രി എ സി മൊയ്തീന്റെ ഇടപെടലില്‍ ടൂറിസം വകുപ്പ് ഏറ്റെടുത്തിരുന്നു. ശുചീകരണരംഗത്തുള്ള 25 തൊഴിലാളികള്‍ക്ക് 10,500 രൂപവീതം ശമ്പളം നല്‍കുന്നതും ടൂറിസം വകുപ്പാണ്.എന്നാല്‍ ടൂറിസം വകുപ്പ് തൊഴിലാളികളെ ഏറ്റെടുത്തത് തങ്ങള്‍ അറിഞ്ഞില്ലെന്ന ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം എല്‍ റോസിയുടെ  നിലപാടാണ് ശമ്പളം തടഞ്ഞതിന് കാരണമെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നത്.50 കുടുംബശ്രീക്കാരാണ് 13 വര്‍ഷമായി തേക്കിന്‍കാട് ശുചീകരിക്കുന്നത്.
ശുചീകരണം നിറുത്തുന്നതിന് കോര്‍പ്പറേഷന്‍ ആലോചിക്കുന്നതിനിടയിലാണ് ടൂറിസം മന്ത്രി ഇടപെട്ട് ചുമതല ടൂറിസം വകുപ്പ് ഏറ്റെടുത്തത്.50 പേരില്‍ 25 പേരെ ടൂറിസം വകുപ്പ് ഏറ്റെടുക്കുകയും ബാക്കി 25 പേരെ തേക്കിന്‍കാടിന് പുറത്ത് സ്വരാജ് റൗണ്ടിലെ ശുചീകരണത്തിന് വിടുകയുമായിരുന്നു. ഇവരുടെ ശമ്പളത്തില്‍ 90,500 രൂപയാണ് കോര്‍പ്പറോഷന്‍ നല്‍കിയിരുന്ന ബാക്കി തുക കുടുംബശ്രീക്കാര്‍ വ്യാപാരികളില്‍ നിന്നു ശേഖരിക്കുകയായിരുന്നു.
ടൂറിസം വകുപ്പ് ജീവനക്കാരെ ഏറ്റെടുത്തെങ്കിലും ബന്ധപ്പെട്ട എച്ച്.ഐയുടെ റിപ്പോര്‍ട്ടില്‍ കുടുംബശ്രീ പ്രോജക്ട് ഓഫിസര്‍ ഒപ്പിട്ട ബില്‍ നല്‍കിയാലേ ടൂറിസം വകുപ്പ് പണം നല്‍കൂ.
ശമ്പളബില്‍ ഒപ്പിട്ട് നല്‍കരുതെന്ന പ്രോജക്ട് ഓഫിസറോട് റോസി നിര്‍ദ്ദേശിക്കുകയായിരുന്നു. ആറ് ദിവസം പിന്നിട്ടിട്ടും ശമ്പളം നല്‍കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്റെ കുടുംബശ്രീ വിരുദ്ധനിലപാടിനെതിരെ സമരത്തിന്നൊരുങ്ങുകയാണ് കുടുംബശ്രീക്കാര്‍.
Next Story

RELATED STORIES

Share it