Alappuzha local

കുടുംബശ്രീയുടെ അല്‍-അമീന്‍ പത്തിരി യൂനിറ്റില്‍ തിരക്കോട് തിരക്ക്



കുമാരമംഗലം: റമസാന്‍ നോമ്പ് തുറയ്ക്ക് ഇഷ്ടവിഭവങ്ങളിലൊന്നായ പത്തിരിയ്ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ പെരുമ്പിള്ളിച്ചിറ പത്താഴപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ അല്‍ -അമീന്‍ പത്തിരി യൂനിറ്റില്‍ തിരക്കോട് തിരക്ക്. ആവശ്യക്കാര്‍ക്ക് രുചിയേറും പത്തിരി മിതമായ വിലയ്ക്ക് ലഭ്യമാക്കുമ്പോള്‍ സംരംഭകരായ വനിതകള്‍ക്ക് ഇത് ജീവിതമാര്‍ഗ്ഗം കൂടിയാണ്. കുടുംബത്തെ സംരക്ഷിക്കാന്‍ പാടുപെടുന്ന ഭര്‍ത്താവിനൊരു കൈത്താങ്ങാകുക എന്ന ചിന്തയില്‍ നിന്നാണ് ഒരു സ്വയം തൊഴിലിനെക്കുറിച്ചുള്ള ചിന്ത രൂപപ്പെട്ടതെന്ന് ടീം ലീഡര്‍ റംല റഹിം പറഞ്ഞു. അങ്ങനെയാണ് വീട്ടാവശ്യത്തിന് മാത്രം പത്തിരിയുണ്ടാക്കിയുള്ള മുന്‍ പരിചയത്തില്‍ പത്തിരി നിര്‍മ്മാണ യൂണിറ്റിനെക്കുറിച്ച് ചിന്തിക്കുന്നത്. കുടുംബശ്രീ, സി ഡി എസ്സുമായി ആശയം പങ്കുവച്ചു. നബീസ മൊയ്തീന്‍, സാറാ ഉമ്മ, റംല സിദ്ധിഖ്, സുനിത സലീം, ബള്‍ക്കീസ് കരീം എന്നിവരും ഒപ്പം ചേര്‍ന്നപ്പോള്‍ പുതിയൊരു സംരംഭം പിറവിയെടുക്കുകയായിരുന്നു. ഇവരുടെ കുടുംബാംഗങ്ങളും പൂര്‍ണ്ണ പിന്തുണയേകി. കൂടുതല്‍ പത്തിരി കൈകൊണ്ടുള്ള പരമ്പരാഗത രീതിയില്‍ നിര്‍മ്മിക്കാനുള്ള ബുദ്ധിമുട്ട് തിരിച്ചറിഞ്ഞതോടെ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ആരാഞ്ഞു. കുടുംബശ്രീയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വായ്പ ലഭിച്ചതോടെ അതും യാഥാര്‍ഥ്യമായി. അരി കഴുകാനും, പരത്താനുമെല്ലാം ഉപകരണങ്ങള്‍ എത്തിയതോടെ കൂടുതല്‍ ആവശ്യക്കാരിലേയ്ക്ക് പത്തിരി എത്തിക്കാനായി. യൂണിറ്റംഗമായ നബീസ മൊയ്തീന്റെ വീടിന്റെ സമീപം ഷെഡ് നിര്‍മ്മിച്ച് യൂണിറ്റ് പ്രവര്‍ത്തനം ഭംഗിയായി മുന്നോട്ട് പോകുന്നു. റമസാന്‍ എത്തിയതോടെ ആവശ്യക്കാര്‍ കൂടിയതായി ഇവര്‍ പറയുന്നു. പള്ളികളിലെ സമൂഹ നോമ്പുതുറയ്ക്കും വീടുകളിലേയ്ക്കുമൊക്കെയായി ആയിരക്കണക്കിന് പത്തിരിക്കാണ് ദിനേന ഓര്‍ഡര്‍ ലഭിക്കുന്നത്. 2014 ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച പത്തിരി യൂണിറ്റ് ഇന്ന് രുചിയേറും പത്തിരിയുടെ ബ്രാന്‍ഡായി മാറിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it