Kollam Local

കുടിവെള്ള വിതരണം:  കനാലില്‍ നിന്ന് ജലം എടുക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുത ഗതിയില്‍

ശാസ്താംകോട്ട: തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ പമ്പിങ് അസാധ്യമാവുകയും കൊല്ലം, ചവറ, പന്മന എന്നി സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം നിലയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ കനാലില്‍ നിന്ന് വെള്ളം ശാസ്താംകോട്ടയിലെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള ബദല്‍ പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുന്നു.

ഫില്‍ട്ടര്‍ ഹൗസിന് വടക്ക് വശത്തുകൂടി കടന്ന് പോകുന്ന കനാലില്‍ ശാസ്താംകോട്ട ഷീരോല്‍പ്പാദക സംഘത്തിന് സമീപത്ത് നിന്നും വെള്ളം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിക്കാനാണ് പരിപാടി.
ഇതിന് വേണ്ടിയുള്ള പൈപ്പുകള്‍ ഇന്നലെ ഇറക്കി തുടങ്ങി. ഒരുകോടി ഇരുപത്‌ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
എന്നാല്‍ മേഖലയിലെ മാലിന്യ വാഹിനിയായ കനാലില്‍ നിന്ന് എടുക്കുന്ന വെള്ളം എത്രമാത്രം ശുദ്ധീകരിക്കാന്‍ കഴിയുമെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. പദ്ധതിക്ക് വേണ്ടി മാത്രം കനാല്‍ തുറന്ന് വിടുമോ കനാലില്‍ നിന്നും എടുക്കുന്ന വെള്ളത്തിന്റെ അളവ് എന്നിവയെ സംബന്ധിച്ചും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തടാകത്തില്‍ നിന്നും ജലം പമ്പിങ് ചെയ്യാന്‍ സാധ്യമാകാത്ത വേനല്‍ക്കാലത്ത് മാത്രമേ കനാല്‍ ജലത്തെ ആശ്രയിച്ചുള്ള പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ നിലപാട്.
Next Story

RELATED STORIES

Share it