kozhikode local

കുടിവെള്ള വിതരണം: അധിക തുക തട്ടിയെടുക്കാന്‍ നീക്കമെന്ന്

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം കുടിവെള്ളം വിതരണം ചെയ്ത വകയില്‍ അധിക തുക അനുവദിക്കുന്നതിനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പുമായി യുഡിഎഫ് മെമ്പര്‍മാര്‍ രംഗത്ത്. പണം അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ സാമ്പത്തിക തട്ടിപ്പാണെന്ന് ചൂണ്ടികാട്ടിയാണ് വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ യുഡിഎഫ് മെമ്പര്‍മാര്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്. നേരത്തെ അനുവദിച്ച രണ്ട് ലക്ഷത്തിന് പുറമെ ഒരു ലക്ഷത്തി പതിനെട്ടായിരത്തി നാനൂറ് രൂപ കൂടി അനുവദിക്കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് യുഡിഎഫ് അംഗങ്ങളായ കെ വി അബ്ദുറഹിമാന്‍, സുജ ടോം എന്നിവര്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തില്‍ ക്വാറികളുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിലാണ് കുടിവെള്ളം വിതരണം ചെയ്തതെന്നും ഇതിന് ഇനി തുക നല്‍കേണ്ടതില്ലന്നും യുഡിഎഫ് മെമ്പര്‍മാര്‍ പറഞ്ഞു. പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ ഐലക്കോട് പദ്ധതിയുടെ പമ്പ് സെറ്റ് മാറ്റുന്നതിനായി നിരവധി തവണ ആവശ്യമുന്നയിച്ചെങ്കിലും അത് നടപ്പാക്കാന്‍ യാതൊരു ശ്രമവും നടത്തുന്നില്ല. ഇതിനിടെയാണ് ധൃതി പിടിച്ച് അധികതുക അനുവദിക്കാനുള്ള തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ വേനല്‍കാലത്ത് കുടിവെള്ളം വിതരണം നടത്തിയെന്ന് രേഖയുണ്ടാക്കി 3,18,400 രൂപ ഒരു സ്വകാര്യ വ്യക്തിയുടെ പേരില്‍ പണം തട്ടിയെടുക്കാന്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിലെ ചിലര്‍ ശ്രമിക്കുന്നതായി യുഡിഎഫ് ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഗ്രാമ പഞ്ചായത്ത് യോഗം വിളിച്ച് ചേര്‍ത്ത് കുടി വെള്ള വിതരണം സ്വകാര്യ വ്യക്തികള്‍, ക്രഷറര്‍ യൂനിറ്റുകള്‍,സാംസ്‌കാരിക സംഘടനകള്‍ എന്നിവരെ സൗജന്യമായി പഞ്ചായത്തിലുടനീളം വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്തുകയാണുണ്ടായത്.ഓരോ ഏജന്‍സിയും ഓരോ പ്രദേശങ്ങള്‍ ഏറ്റെടുത്ത്  വെള്ളം സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു . ഇതിന്റെ മറവില്‍ ഒരു സിപിഎം പ്രവര്‍ത്തകന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയാണ് കുടിവെള്ള വിതരണത്തിന്റെ പേരില്‍ പണം പാസാക്കിയെടുത്തത്.വിതരണം ചെയ്യാത്ത കുടിവെള്ളത്തിന്റെ പേരില്‍ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കൊടിയത്തര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പദ്ധതിയെ കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് കൊടിയത്തര്‍ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാര്‍ പുതുക്കുടി മജീദ് ,ജനഃ കണ്‍വീനര്‍ കെ ടി മന്‍സൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it