palakkad local

കുടിവെള്ള പദ്ധതി പഞ്ചായത്തിലേക്ക് നീട്ടാന്‍ നീക്കം; പൈപ്പ് ഇറക്കുന്നത് ജനപ്രതിനിധികള്‍ തടഞ്ഞു



ഒറ്റപ്പാലം: നഗരസഭയുടെ മീറ്റ്‌നയിലെ സമഗ്ര കുടിവെള്ള പദ്ധതിയില്‍ നിന്ന് അമ്പലപ്പാറ പഞ്ചായത്തിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം. ജല അതോറിറ്റി ഓഫിസിനു സമീപമെത്തിച്ച കൂറ്റന്‍ പൈപ്പുകള്‍ ലോറിയില്‍ നിന്ന് ഇറക്കുന്നത് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ചിലര്‍ തടഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടും നഗരസഭയുടെ വിഹിതവും ഉള്‍പ്പെടെ 30 കോടി വിനിയോഗിച്ചു നടപ്പാക്കിയ പദ്ധതിയില്‍ നിന്ന് മറ്റെവിടേക്കും വെള്ളം കൊണ്ടുപോവാ ന്‍ അനുവദിക്കില്ലെന്നാണ് യുഡിഎഫ്, ബിജെപി, സ്വതന്ത്ര മുന്നണി അംഗങ്ങളുടെ നിലപാട്. പദ്ധതി പങ്കിടുന്നത് നഗരസഭാ പരിധിയില്‍ കുടിവെള്ള ക്ഷാമം സൃഷ്ടിക്കുമെന്നും ഇവര്‍ പറയുന്നു. ഒന്‍പത് ലോഡ് പൈപ്പുകളാണ് എത്തിയിരുന്നത്. ഇതില്‍ 73ഓളം പൈപ്പുകള്‍ ഇറക്കിയിരുന്നു. ഇതിലൊരു ലോഡ് പൈപ്പ് ഇറക്കുന്നതിനിടെയാണ് പ്രതിഷേധക്കാരെത്തിയത്. നഗരസഭയുടെ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്ന് അമ്പലപ്പാറയിലേക്കു വെള്ളമെത്തിക്കാനാണ് ജല അതോറിറ്റിയുടെ ശ്രമം. പുഴയില്‍ മറ്റൊരു പദ്ധതി നടപ്പാക്കി അമ്പലപ്പാറയിലെ പ്രശ്‌നം പരിഹരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കൗണ്‍സില്‍ അംഗങ്ങളായ ജോസ് തോമസ്, മനോജ് സ്റ്റീഫന്‍, പി എം എ ജലീല്‍, ഇ പ്രഭാകരന്‍, കെ ബി ശശികുമാര്‍, കെ ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൈപ്പുകള്‍ ഇറക്കുന്നത് തടഞ്ഞത്.  അതേ സമയം നഗരസഭ പരിധിയിലൂടെ ലൈന്‍ വലിക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നതെന്നും വെള്ളം വിതരണത്തിന്റെ കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും ചെയര്‍മാന്‍ എന്‍ എം നാരായണന്‍ നമ്പൂതിരി പറഞ്ഞു.
Next Story

RELATED STORIES

Share it