palakkad local

കുടിവെള്ളക്ഷാമത്തിന് അറുതി വരുത്താന്‍ കുളങ്ങളുടെ നവീകരണം തുടങ്ങി

പാലക്കാട്: ജില്ലയിലെ കുളങ്ങളുടെ പുനരുദ്ധാരണത്തിനായി സംസ്ഥാനസര്‍ക്കാരില്‍ നിന്നും ഭരണാനുമതി ലഭിച്ച 56 കുളങ്ങള്‍ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് മണ്ണ് സംരക്ഷണ ഓഫിസര്‍ ബിന്ദുമേനോന്‍ അറിയിച്ചു. 15,31,50,000 രൂപയാണ് കുളങ്ങളുടെ നവീകരണത്തിന് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ പത്ത് കുളങ്ങളുടെ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്.
വികസനനേട്ടത്തില്‍ മുഖ്യപങ്കുവഹിക്കുന്ന കുളങ്ങളുടെ നവീകരണ പ്രവൃത്തികള്‍ വേനല്‍ശക്തമാകുന്നതിന് മുമ്പുതന്നെ വിവിധ കേന്ദ്രങ്ങളില്‍ തുടക്കമാകും. മുണ്ടൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആറുകുളങ്ങളും, കുഴല്‍മന്ദം ഗ്രാമപ്പഞ്ചായത്തില്‍ ഒമ്പത് കുളങ്ങളും, മരുതറോഡ്, പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍ അഞ്ച് കുളങ്ങളും, വടകരപ്പതിയില്‍ അഞ്ച് കുളങ്ങളും, കൊടുമ്പ്, പുതുപ്പരിയാരം, കരിമ്പ, തച്ചംമ്പാറ, കോട്ടോപ്പാടം, മുതലമട, പുതുനഗരം, തേങ്കുറിശ്ശി, നല്ലേപ്പിള്ളി എന്നിവിടങ്ങളില്‍ രണ്ടു കുളങ്ങള്‍ വീതവും കുത്തനൂര്‍, തച്ചനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, കരാകുറിശ്ശി, കാഞ്ഞിരപ്പുഴ, കോങ്ങാട്, മങ്കര എന്നിവിടങ്ങളില്‍ ഓരോ കുളങ്ങളുടെയും പ്രവൃത്തികളുമാണ് നവീകരിക്കാനുള്ളത്. മലമ്പുഴ പഞ്ചായത്തില്‍ 150 ഹെക്ടര്‍ പ്രദേശത്ത് 35 ലക്ഷം മുതല്‍ മുടക്കി മഴക്കുഴികളും തടയണകളും വൃക്ഷതൈനടീലും, പാര്‍ശ്വഭിത്തി സംരക്ഷണവും പൂര്‍ത്തിയാക്കുകയുണ്ടായി.
പറളി പഞ്ചായത്തിലെ വഴുക്കപ്പാറതോട് പദ്ധതി വഴി 100 ഹെക്ടര്‍ സ്ഥലത്ത് 45 ലക്ഷം രൂപ ചെലവഴിച്ച് മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. തരിശു നിലങ്ങളില്‍ കടല, മുതിര, എള്ള് എന്നിവ കൃഷി ചെയ്യുകവഴി കാര്‍ഷികരംഗത്തും മുന്നേറാന്‍ ജില്ലക്ക് സാധിച്ചു.
പാരിസ്ഥിതിക പുനരുജ്ജീവന പദ്ധതിയിലൂടെ അയിലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 324 ഹെക്ടര്‍ പ്രദേശത്ത് 58 ലക്ഷം രൂപയുടെ മണ്ണ് ജലസംരക്ഷണ പ്രവൃത്തികളില്‍ 75 ശതമാനവും പൂര്‍ത്തീകരിച്ചു. മുതലമട ഗ്രാമപ്പഞ്ചായത്തിലെ ചപ്പക്കാട് നീര്‍ത്തടപദ്ധതി വഴി 650 ഹെക്ടര്‍ പ്രദേശങ്ങളിലാണ് മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഏറ്റവും കുറഞ്ഞ മഴ ലഭിക്കുന്ന ഈ പ്രദേശങ്ങളില്‍ ജില്ലയില്‍ തന്നെ ലഭിക്കുന്ന മഴയുടെ 60 ശതമാനം മാത്രമാണ് ലഭ്യമായിരുന്നത്. മണ്‍വരമ്പ്, തടയണകള്‍, പാര്‍ശ്വഭിത്തികള്‍ എന്നിവയിലൂടെ 10083711 രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് വിനിയോഗിച്ചത്.
ചുള്ളിയാര്‍ നീര്‍ത്തടപദ്ധതി വഴി 400 ഹെക്ടര്‍ പ്രദേശത്ത് മഴവെള്ള സംഭരണത്തിനായി 96 ലക്ഷം രൂപയും വിനിയോഗിച്ചു. കോട്ടോപ്പാടം പഞ്ചായത്തിലെ മലേറിയംതോട് നീര്‍ത്തടപദ്ധതി വഴി 610 ഹെക്ടര്‍ സ്ഥലത്ത് 38 ലക്ഷം രൂപയുടെ മണ്ണ്-ജല സംരക്ഷണ പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കുക. കിഴക്കഞ്ചേരി പഞ്ചായത്തിലെ ലാന്റ് സ്ലൈഡ് സ്റ്റെബിലൈസേഷന്‍ പദ്ധതിയിലൂടെ 25 ലക്ഷം രൂപയാണ്കടപ്പാറ പദ്ധതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
തച്ചംമ്പാറ-അഗളി ഗ്രാമപഞ്ചായത്തിലെ കല്ലാര്‍പുഴ-കുണ്ടംപൊട്ടി പദ്ധതി വഴി 30 ലക്ഷം രൂപയാണ് 143 ഹെക്ടര്‍ പ്രദേശത്തെ നീര്‍ത്തട വികസനപദ്ധതികള്‍ക്ക് വിനിയോഗിക്കുക. തിരുവേഗപ്പുറ പഞ്ചായത്തിലെ ചേമ്പ്രത്തോട് വെള്ളപ്പൊക്ക നിവാരണ പദ്ധതി വഴി 210 ഹെക്ടര്‍ സ്ഥലത്ത് 61 ലക്ഷം രൂപ മുതല്‍ മുടക്കി നടപ്പാക്കിയ പദ്ധതി 2015 സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it