malappuram local

കുടിവെള്ളക്ഷാമം: ഹോട്ടലുകള്‍ പൂട്ടുന്നു

പൊന്നാനി: കുടിവെള്ളക്ഷാമം രൂക്ഷമായത് ജില്ലയിലെ ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. വാട്ടര്‍ അതോറിറ്റിയുടെ വെള്ളത്തെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിച്ചിരുന്ന പല ഹോട്ടലുകളും ഇപ്പോള്‍ പൂട്ടിയിരിക്കുകയാണ്.
ജില്ലയില്‍ നിരവധി ഹോട്ടലുകള്‍ ഉച്ചയൂണ് നിര്‍ത്തിയതായി വ്യാപാരികള്‍ പറയുന്നു. ചിലയിടങ്ങളില്‍ പേപ്പര്‍ പ്ലേറ്റും സിസ്‌ബോസിബിള്‍ ഗ്ലാസുമാണ് ഉപയോഗിക്കുന്നത്. ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കഴിയാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഉടമകള്‍ പറയുന്നത്. ശരാശരി ഒരു ഹോട്ടലിന് ദിവസേന 5000 മുതല്‍ 20000 ലിറ്റര്‍ വരെ വെള്ളം വേണം. ഇത് പുറത്ത് നിന്ന് ലഭിക്കാന്‍ പ്രയാസമാണ്.
പണം കൊടുത്താലും വെള്ളം കിട്ടാത്ത സ്ഥിതിയാണ്. സ്ഥിരമായി വെള്ളമെടുക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുന്നതാണ് കാരണം. 2500 ലിറ്റര്‍ വരെയുള്ള ഒരു ടാങ്കര്‍ വെള്ളത്തിന് 750 രൂപ വരെ നല്‍കണം. ഇത്തരത്തി ല്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു.മാത്രമല്ല സമയത്ത് കിട്ടാത്ത പ്രശ്‌നവും നിലനില്‍ക്കുന്നു. ജില്ലയില്‍ മിക്ക ഹോട്ടലുകള്‍ വെള്ളക്ഷാമത്തെ തുടര്‍ന്ന് പൂട്ടിക്കഴിഞ്ഞു.മഞ്ചേരി,നിലമ്പൂര്‍,പെരിന്തല്‍മണ്ണ,മലപ്പുറം മേഖലകളിലും ഹോട്ടലുകളും കൂള്‍ബാറുകളും താ ല്‍ക്കാലികമായി അടച്ചിട്ടുണ്ട്.
വേനല്‍ മഴ ലഭിക്കാന്‍ വൈകുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്താല്‍ കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടേണ്ട സ്ഥിതിയാണ്. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കുടിവെള്ള വിതരണം പൊതുജനങ്ങള്‍ക്ക് തന്നെ തികയാത്ത സ്ഥിതിയാണ്. ഹോട്ടലുകളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ലോഡ്ജുകളുടെയും സ്ഥിതി വ്യത്യസ്ഥമല്ല. പലയിടങ്ങളിലും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it