കുടിയന്‍മാരോട് അനീതി കാട്ടിയ യുഡിഎഫുകാര്‍



മലയാളിയുടെ ഔദ്യോഗിക പാനീയമേതാണ്? ഇളനീര്‍, ചായ, കോഫി, നാരങ്ങാവെള്ളം. ഉത്തരം പലതാവാം. പക്ഷേ, നമ്മുടെ ഭരണപക്ഷ സഖാക്കള്‍ക്ക് അക്കാര്യത്തില്‍ ഒരു സംശയവുമില്ല. നല്ല ഒന്നാംതരം മദ്യം തന്നെയാണ്. മദ്യം കിട്ടാത്തതുമൂലം നരകിക്കുന്ന സമൂഹത്തിന്റെ വേദനയാണ് എക്‌സൈസ് വകുപ്പിന്റെ ധനാഭ്യര്‍ഥയനയ്ക്കുമേല്‍ നടന്ന ചര്‍ച്ചയില്‍ ഇടത് എംഎല്‍എമാര്‍ പങ്കുവച്ചത്. ഒരിറ്റു മദ്യത്തിനായി വെയിലും മഴയുമേറ്റ് ക്യൂവില്‍ തളര്‍ന്നുവീഴുന്ന പാവം മനുഷ്യരോട് കാണിക്കുന്ന അനീതിയുടെ കഥയാണ്് ദാസന്‍ സഖാവിന് പറയാനുണ്ടായിരുന്നത്്. ബാറുകള്‍ക്ക് പൂട്ടിട്ട യൂഡിഎഫ് നയം ഫാഷിസമാണത്രേ. ബീഫ് നിരോധനം പോലെയാണ് മദ്യനിരോധനവും. ബിജെപിക്കാര്‍ തിന്നാന്‍ ഒടക്കുവച്ചു; കോണ്‍ഗ്രസ്സുകാര്‍ കുടിക്കാനും. ബാറുകള്‍ അടച്ചതിട്ടതുവഴി ദൈവങ്ങളുടെ പോലും കുടി മുട്ടിച്ച യുഡിഎഫുകാര്‍ക്ക് ദേവശാപം കിട്ടുമെന്ന്് സിപിഐയുടെ ചിറ്റയം ഗോപകുമാര്‍. പറശ്ശിനിക്കടവ് മുത്തപ്പന്‍ മുതല്‍ പോരുവഴി ദുര്യോദന ക്ഷേത്രത്തിലെ നിവേദ്യംവരെ ചാരായമാണെന്നും ചിറ്റയം. മദ്യലഭ്യത കുറഞ്ഞതോടെ നാടാകെ ലഹരിയുടെ പിടിയിലാണെന്നും ചിറ്റയം പറഞ്ഞുവച്ചു. ഒരു പഞ്ചായത്തില്‍ ഒരു ബിയര്‍ പാര്‍ലറും ഒരു മണ്ഡലത്തില്‍ കുറഞ്ഞത് രണ്ട് ബാറുകളെങ്കിലും വേണമെന്നാണ് ക്രോണിക് ബാച്ചിലര്‍ കോവൂര്‍ കുഞ്ഞുമോന്റെ ആവശ്യം. പ്രതിപക്ഷത്തിന്റെ മദ്യവിരോധം വെറും ഉടായിപ്പ് മാത്രമാണെന്നും രണ്ടെണ്ണം അടിച്ചുകൊണ്ടാണ് മദ്യനിരോധനത്തിന് മുദ്രാവാക്യം വിളിക്കുന്നതെന്നും കോവൂറിന്റെ വക പ്രഹരം. എല്‍ഡിഎഫ് വന്ന ശേഷമാണ് ഒരോന്ന് ശരിയാവുന്നതെന്നും കുഞ്ഞുമോന്‍. ഏതൊക്കെ ശരിയാവുന്നുണ്ടെന്നു പറഞ്ഞാലും കുഞ്ഞുമോന്റെ കല്യാണം മാത്രം ശരിയാവുന്നില്ലല്ലോയെന്ന് കോണ്‍ഗ്രസ്സുകാരന്‍ ഐ സി ബാലകൃഷ്ണന്റെ പരിഭവം. ബാറും മദ്യവും സഭയില്‍ മയക്കവും തര്‍ക്കവുമായി മുന്നേറുന്നതിനിടെയാണ് ആലപ്പുഴയിലെ ആരിഫിന്റെ  വൈരുധ്യാത്മകമായ വിശകലനമെത്തിയത്. യുഡിഎഫ് സര്‍ക്കാര്‍ ബാര്‍ പൂട്ടിയതിനു പിന്നില്‍ സുധീരന്‍-ഉമ്മന്‍ ചാണ്ടി  രണ്ടു നേതാക്കളുടെ കിടമല്‍സരമാണ് യുഡിഎഫിന്റെ ബാര്‍പൂട്ടലെന്നും ആരിഫ്. മദ്യം ലഭ്യമല്ലാതായതോടെ വ്യാജമദ്യം സുലഭമായത്രേ. ആനമയക്കി വീരപ്പന്‍, പുല്ലിനക്കി, ഷക്കീല എന്നിങ്ങനെ ലഭ്യമായ ബ്രാന്‍ഡുകളെല്ലാം ആരിഫ് സഭയെ പഠിപ്പിച്ചു. ന്യൂനപക്ഷ സംരക്ഷണത്തെച്ചൊല്ലിയായിരുന്നു സഭയിലെ അടുത്ത പുകില്. മുസ്‌ലിം സമുദായത്തിന്റെ മുന്നേറ്റത്തിനും പുരോഗതിക്കും തടയിടാന്‍ ന്യൂനപക്ഷ വകുപ്പിന്റെ ആരാച്ചാരായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കെ ടി ജലീലിനെ മന്ത്രിയാക്കിയതെന്ന് ടി വി ഇബ്രാഹിം പറഞ്ഞു. 1985ല്‍ കെ കരുണാകരന്‍ മദ്രസാധ്യാപകര്‍ക്കായി പെന്‍ഷന്‍ പദ്ധതി രൂപീകരിച്ചപ്പോള്‍ മുല്ല, മുക്രി പെന്‍ഷന്‍ എന്ന പേരില്‍ അതിനെതിരേ സമരം നടത്തിയവരാണ് ഡിവൈഎഫ്‌ഐക്കാരെന്ന ഇബ്രാഹിമിന്റെ പരാമര്‍ശത്തിനെതിരേ ഭരണപക്ഷത്തെ യുവ അംഗങ്ങള്‍ ഒന്നടങ്കം ബഹളംവച്ചു. പരാമര്‍ശം പച്ചക്കള്ളമാണെന്നും സഭാരേഖയില്‍നിന്നും നീക്കം ചെയ്യണമെന്നും ആര്‍ രാജേഷ് ചെയറിനോട് ആവശ്യപ്പെട്ടു. ഇബ്രാഹിം ഉറച്ചുനിന്നതോടെ ബഹളം മൂര്‍ച്ചിച്ചു. ഒടുവില്‍ പരാമര്‍ശം പരിശോധിക്കാമെന്ന് ചെയര്‍ അറിയിച്ചതോടെയാണ് സഭ ശാന്തമായത്. പ്രതിപക്ഷത്തെ പി ടി തോമസായിരുന്നു സഭയിലെ ഇന്നലത്തെ താരം. പിള്ളയെ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കിയ എല്‍ഡിഎഫ് തീരുമാനത്തെ പി ടി കണക്കിന് പരിഹസിച്ചു. പുന്നപ്ര വയലാര്‍ സമരനായകന്‍ വി എസ് അച്യുതാനന്ദനും അഴിമതിയുടെ ആള്‍രൂപമെന്ന് വിശേഷിപ്പിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ളയും പിണറായി സര്‍ക്കാരിന് ഒരുപോലെയാണെന്ന് പി ടി തോമസ്. വിഎസിന്റെ അതേ പദവി നല്‍കി ബാലകൃഷ്ണ പിള്ളയെ ചുമക്കാന്‍ നാണമില്ലേയെന്നും അദ്ദേഹം മുഖ്യനെ സാക്ഷിയാക്കി ചോദിച്ചു. ഡിവൈഎഫ്‌ഐയുടെ നേതാക്കളായ എംഎല്‍എമാര്‍ക്ക് ഇരിക്കുന്നിടത്ത് വേരുറച്ചില്ലെങ്കില്‍ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മന്ത്രി ജലീല്‍ മറുപടി പറയാന്‍ ആരംഭിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവച്ചു. മന്ത്രിമാര്‍ മറുപടി പറയാന്‍ കൂടുതല്‍ സമയമെടുത്തതിലും ജലീല്‍ ലീഗിനെതിരായ രാഷ്ട്രീയ പരാമര്‍ശം നടത്തിയതിലും പ്രതിഷേധിച്ചായിരുന്നു ഇത്. തുടര്‍ന്ന് പ്രതിപക്ഷം ജലീലിന്റെ മറുപടി ബഹിഷ്‌കരിച്ചു.
Next Story

RELATED STORIES

Share it