thrissur local

കുഞ്ഞന്‍ പുസ്തകങ്ങളുടെ ശേഖരം ഒരുക്കി സത്താര്‍ നടന്നുകയറിയത് ലോക റെക്കോഡിലേക്ക്

തൃശൂര്‍: കുഞ്ഞന്‍പുസ്തകങ്ങളുടെ കൂട്ടുകാരന്‍ സത്താറിന് മുന്നില്‍ ഒടുവില്‍ റിക്കോര്‍ഡും വഴിമാറി. ഒന്ന് മുതല്‍ അഞ്ച് സെന്റിമീറ്റര്‍ വരെ മാത്രം വലുപ്പമുള്ള 3137 പുസ്തകങ്ങള്‍ നിര്‍മിച്ചാണ് സത്താര്‍ നിലവിലെ ലോക റെക്കോഡ് തകര്‍ത്തത്. അസര്‍ ബൈജാനിലെ സലഘോവ സാരിഫ തൈമൂര്‍ 2104 ഒക്‌ടോബറില്‍ സൃഷ്ടിച്ച 7.5 സെന്റിമീറ്റര്‍ വലുപ്പമുള്ള 2913 പുസ്തകങ്ങളുടെ റെക്കോഡാണ് അദ്ദേഹം പഴങ്കഥയാക്കിയത്.
പ്രത്യേകം നിര്‍മിച്ച 21 അടി നീളവും നാല് അടി വീതിയും നാല് സെന്റിമീറ്റര്‍ കട്ടിയുമുള്ള ഷെല്‍ഫിലെ വിവിധ ബോക്‌സുകളില്‍ 100 പുസ്തകങ്ങള്‍ വീതമാണ് അടുക്കും ചിട്ടയോടുംകൂടി നിരത്തിയത് അതിമനോഹരമായ കാഴ്ചയായിരുന്നു. നഖത്തിന്റെ വലുപ്പം മാത്രമുള്ളവ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ടോ മൂന്നോ അക്ഷരങ്ങള്‍ മാത്രമുള്ള കുഞ്ഞു തലക്കെട്ടുകള്‍ മാത്രമാണ് പുസ്തകങ്ങള്‍ക്കിട്ടിരുന്നത്. രൂപകല്‍പനയിലും വര്‍ണത്തിലും വ്യത്യസ്തത പുലര്‍ത്തിയ ഈ കുഞ്ഞന്മാര്‍ കാഴ്ചക്കാര്‍ക്ക് ഏറെ വിസ്മയവും കൗതുകവും പകര്‍ന്നു. വിവിധ ഭാഷകളിലുള്ള കഥ, കവിത, നോവല്‍, ലേഖനങ്ങള്‍ എന്നിവയെല്ലാം ഉള്ളടക്കത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ചെറുത് കൊണ്ട് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് സത്താറിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. മൂന്ന് തവണ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ കയറിപ്പറ്റിയ അദ്ദേഹം റെക്കോഡ് സെറ്റര്‍ (അമേരിക്ക), റെക്കോഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്ലിക്ക് (ബ്രിട്ടന്‍), ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് (ഹോങ്കോംഗ്), യൂണിക് വേള്‍ഡ് റെക്കോഡ്‌സ്, മിറാക്കിള്‍സ് വേള്‍ഡ് റെക്കോഡ്‌സ്, ഏഷ്യ വേള്‍ഡ് റെക്കോഡ്, വേള്‍ഡ് റെക്കോഡ്‌സ് ഇന്ത്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവ സ്വന്തം പേരിലാക്കി. 2015ല്‍ ഇന്ത്യാസ് ബെസ്റ്റ് അച്ചീവര്‍ അവാര്‍ഡ് ലഭിച്ചു. 2008ല്‍ ദി മാന്‍ എന്ന പേരില്‍ സത്താര്‍ സംവിധാനം ചെയ്ത പത്ത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള സിനിമ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി. 2013 മുതല്‍ സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കേരള ബുക്ക് മാര്‍ക്ക് ഭരണസമിതി അംഗമാണ്. 1977ല്‍ തൃശൂര്‍ ജില്ലയിലെ കുറ്റിയില്‍ കുഞ്ഞുമോന്റെയും പാത്തുണ്ണികുട്ടിയുടെയും മകനായി ജനിച്ച സത്താര്‍ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലുമായി ആയിരക്കണക്കിന് രചനകള്‍ നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. ഷെമീന ബീവിയാണ് ഭാര്യ. മക്കള്‍: ഫാത്വിമ ഫത്‌വ, മുഹമ്മദ് അല്‍ യസഅ്. യു ആര്‍ എഫ് ഇന്ത്യന്‍ ജൂറി കൂടിയായ ഡോ. ഗിന്നസ് സുനില്‍ ജോസഫാണ് പുസ്തകങ്ങളുടെ അളവും എണ്ണവും തിട്ടപ്പെടുത്തി ഫലപ്രഖ്യാപനം നടത്തിയത്.
കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങ് സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസി. രമണി രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം കല്ല്യാണ് എസ് നായര്‍, വി എസ് പ്രിന്‍സ്, ഗിന്നസ് സെബാസ്റ്റ്യന്‍, ഗിന്നസ് രാജു മാസ്റ്റര്‍, ഗിന്നസ് മുരളി നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it